ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ വസതിയിലെത്തിയ കാഴ്‌ച തന്നെ ഞെട്ടിച്ചെന്ന് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍. ഇത് ദൗര്‍ഭാഗ്യകരമായി പോയെന്നും തെറ്റായ ഒരു സന്ദേശമാണ് ഈ സന്ദര്‍ശനം നല്‍കുന്നതെന്നും ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആ സന്ദര്‍ശന ദൃശ്യങ്ങള്‍ തന്നെ ഞെട്ടിച്ചു. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിനെ താന്‍ ബഹുമാനിക്കുന്നുണ്ട്. മഹത്തായൊരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹമെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്നവര്‍, അത് പ്രധാനമന്ത്രിയോ, രാഷ്‌ട്രപതിയോ, ചീഫ് ജസ്റ്റിസോ ആരുമാകട്ടെ ഇത്തരം സ്വകാര്യ ചടങ്ങുകള്‍ പരസ്യമാക്കാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അധ്യക്ഷനെന്ന നിലയിലല്ല താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരമൊരു സ്വകാര്യ ചടങ്ങിലേക്ക് പ്രധാനമന്ത്രി ഒരിക്കലും പോകാന്‍ താത്പര്യം കാണിക്കരുതായിരുന്നു. ഇതൊരു തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇതൊരു വ്യക്തിയെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ദൃശ്യങ്ങളില്‍ ജനങ്ങളില്‍ എന്ത് പ്രതികരണമാകും ഉണ്ടാക്കുക എന്നതാണ് വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.