ഭോപ്പാല്‍: രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലേയില്ലെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ്. അദ്ദേഹം ഉടന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ വെളിപ്പെടുത്തല്‍(Madhya Pradesh).
കമല്‍നാഥ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശ് അടക്കം പതിനഞ്ച് സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 27ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് കഴിഞ്ഞ മാസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. മറ്റന്നാള്‍ വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഫെബ്രുവരി 27ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ് അതേദിവസം തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും(Kamal Nath).
മധ്യപ്രദേശിലെ അഞ്ച് രാജ്യസഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ നാലിലും ബിജെപിക്ക് അനായാസം വിജയിച്ച് കയറാനാകും. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് അംഗമുള്ളത്. നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജിത്തു പട്ട്വാരിയും താന്‍ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹം തള്ളിയിരുന്നു. താന്‍ പാര്‍ട്ടിയോടോ പാര്‍ട്ടി തന്നോടോ ഇതേക്കുറിച്ചൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു(Rajya sabha election).