കൊളംബോ:ഇന്ത്യ ശ്രീലങ്കയുടെ എക്കാലത്തെയും ഏറ്റവും വിശ്വസ്‌ത സുഹൃത്തും ആശ്രയിക്കാവുന്ന പങ്കാളിയുമായി തുടരുമെന്ന് വാഗ്‌ദാനം. ആധുനിക പ്രതിരോധ ഉപകരണങ്ങള്‍ ശ്രീലങ്കയെ പോലുള്ള തങ്ങളുടെ സൗഹൃദരാഷ്‌ട്ര പങ്കാളികള്‍ക്ക് നല്‍കുമെന്നും ഇന്ത്യ വ്യക്തമാക്കി. രണ്ടാം ഇന്ത്യ ശ്രീലങ്ക പ്രതിരോധ സെമിനാറില്‍ സംസാരിക്കവെ ശ്രീലങ്കയിലെ ഇന്ത്യന്‍ സ്ഥാനപതി സന്തോഷ് ഝാ അറിയിച്ചതാണ് ഇക്കാര്യം.
മറ്റ് മേഖലകളില്‍ എന്നപോലെ പ്രതിരോധ സുരക്ഷ രംഗത്തും ഇന്ത്യ ശ്രീലങ്കയുമായി സഹകരിക്കും. ഭൗമശാസ്‌ത്രപരമായ അടുപ്പം മൂലം ഇരുരാജ്യങ്ങളുടെയും സുരക്ഷ പരസ്‌പരം ബന്ധിതമാണ്. നാം സുരക്ഷയെ കുറിച്ച് പറയുമ്പോള്‍ അതിന് വിശാലമായ അര്‍ത്ഥമാണ് ഉള്ളതെന്നും ഝാ ചൂണ്ടിക്കാട്ടി. കോവിഡിനും റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനും പിന്നാലെ ഇത് ഊര്‍ജ്ജ, ആരോഗ്യ, ഭക്ഷ്യ, സാമ്പത്തിക സുരക്ഷ കൂടി ആയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പല ഉപകരണങ്ങളും ശ്രീലങ്കന്‍ സേനയ്ക്ക് മുതല്‍ക്കൂട്ടാകും. നമ്മുടെ അയല്‍ക്കാരോടും അടുത്ത സുഹൃത്തിനോടുമുള്ള കടമ നിറവേറ്റുകയായിരുന്നു കോവിഡ് കാലത്തും സാമ്പത്തിക പ്രതിസന്ധി കാലത്തും ഇന്ത്യ ചെയ്‌തത്. സാംസ്‌കാരിക ഇരട്ടകളായ നാം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ശ്രീലങ്കയ്ക്കുണ്ടായ അപ്രതീക്ഷിത സാമ്പത്തികമായി തകര്‍ച്ചയില്‍ ഇന്ത്യ 400 കോടിയിലേറെ അമേരിക്കന്‍ ഡോളര്‍ സംഭാവന ചെയ്‌തിരുന്നു.
ആത്മനിര്‍ഭര്‍ ഭാരതിലൂടെ ഇന്ത്യ പ്രതിരോധരംഗത്ത് നിര്‍ണായക നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും സന്തോഷ് ഝാ പറഞ്ഞു. ഭാവിയിലേക്കുള്ള കരുതലിനായി ഇന്ത്യ പുതുതലമുറ സാങ്കേതികള്‍ ഉപയോഗിച്ചുള്ള വികസനത്തിനും ഗവേഷണത്തിനുമായി നിക്ഷേപങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ രാജ്യത്തിന് വേണ്ടി മാത്രമല്ല ശ്രീലങ്കയെ പോലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് കൂടി നല്‍കാനാണ് ഇവ നിര്‍മ്മിക്കുന്നത്.