ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ്- 20 വാർത്താവിനിമയ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയിരുന്നു. അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചിരുന്നത്. ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള സ്‌പേസ് കോംപ്ലക്‌സ് 40 ൽ നിന്ന് പുലർച്ചെ 12.01നായിരുന്നു വിക്ഷേപണം. 12.36ഓടെ വിചാരിച്ചപോലെ തന്നെ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞു.
ഇതിനുപിന്നാലെ ദൗത്യവുമായി ബന്ധപ്പെട്ട് മസ്‌കിന്‍റെ കമ്പനിയെ സമീപിച്ചതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഐഎസ്ആർഒ ചെയർപേഴ്‌സൺ കെ ശിവൻ. ഐഎസ്ആർഒ വിക്ഷേപണ വാഹനങ്ങളുടെ ശേഷിക്കപ്പുറം ഉപഗ്രഹത്തിന് ഭാരമുള്ളതിനാലാണ് മസ്‌കിന്‍റെ സ്‌പേസ് എക്‌സിനെ സമീപിക്കേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐഎസ്ആർഒയ്ക്ക് നിലവില്‍ നാല് ടൺ ശേഷിയുള്ള ഉപഗ്രഹ വിക്ഷേപണ സംവിധാനമാണ് ഉള്ളത്, അതേസമയം ജിസാറ്റ്-എൻ 2 ന് 4.7 ടൺ ഭാരമുണ്ട്, ഇതിനാലാണ് പുറത്തുള്ള ഒരു സ്വകാര്യ കമ്പനിയെ സമീപിക്കേണ്ടി വന്നത്. ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനങ്ങളുടെ ശേഷി വര്‍ധിപ്പിക്കാൻ പദ്ധതിയുണ്ടെന്നും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ശിവൻ പറഞ്ഞു.
4.7 ടൺ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാൻ ശേഷിയുള്ള വാഹനങ്ങള്‍ ഇല്ലാത്തതിനാലാണ് ഇന്ത്യ മറ്റൊരു കമ്പനിയെ സമീപിച്ചതെന്നും ഭാവിയില്‍ ഐഎസ്‌ആര്‍ഒ മികച്ച ശേഷിയുള്ള വിക്ഷേപണ വാഹനങ്ങള്‍ ഒരുക്കുമെന്നും മുൻ ഐഎസ്ആർഒ മേധാവി ജി മാധവൻ നായരും പ്രതികരിച്ചു.