കേരളം

kerala

ETV Bharat / bharat

മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗവ്‌ല അന്തരിച്ചു - NAVIN CHAWLA PASSES AWAY

മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗവ്‌ല(79) അന്തരിച്ചു. പക്ഷപാതത്തിന്‍റെ പേരില്‍ വിവാദനായകനായിരുന്ന ചൗവ്‌ല പക്ഷേ നിരവധി തെരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങള്‍ക്കും തുടക്കമിട്ടിരുന്നു.

Former Chief Election Commissioner  SY Quraishi  l k advani
File Photo: Former Chief Election Commissioner Navin Chawla (Getty images)

By ETV Bharat Kerala Team

Published : Feb 1, 2025, 3:38 PM IST

ന്യൂഡല്‍ഹി: മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗവ്‌ല(79) അന്തരിച്ചു. പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഇദ്ദേഹത്തെ കമ്മീഷനില്‍ നിന്ന് നീക്കം ചെയ്യാന്‍ 2009ല്‍ ശുപാര്‍ശ ചെയ്‌തിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പത്ത് ദിവസം മുമ്പ് ചൗവ്‌ലയെ താന്‍ കണ്ടിരുന്നുവെന്ന് മറ്റൊരു മുന്‍ കമ്മീഷണറായ എസ്‌ വൈ ഖുറേഷി പിടിഐയോട് പറഞ്ഞു. താന്‍ മസ്‌തിഷ്ക ശസ്‌ത്രക്രിയയ്ക്ക് ആശുപത്രിയില്‍ പോകാനിരിക്കുകയാണെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നുവെന്നും ഖുറേഷി വ്യക്തമാക്കി. എന്നാല്‍ ഇന്ന് രാവിലെ അദ്ദേഹം അപ്പോളോ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. തങ്ങള്‍ അവസാനം കണ്ടപ്പോള്‍ പൂര്‍ണ ആരോഗ്യവാനായിരുന്നു അദ്ദേഹമെന്നും ഖുറേഷി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൗവ്‌ലയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

നവീന്‍ ചൗവ്‌ലയുടെ മരണത്തില്‍ അതീവ വേദനയുണ്ടെന്നും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെയെന്നും ഖുറേഷി എക്‌സില്‍ കുറിച്ചു.

2005 മുതല്‍ 2009 വരെയാണ് നവീന്‍ ചൗവ്‌ല തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവര്‍ത്തിച്ചത്. പിന്നീട് 2009 ഏപ്രില്‍ മുതല്‍ 2010 ജൂലൈ വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായും പ്രവര്‍ത്തിച്ചു. കമ്മീഷന്‍ ഏറെ വിവാദത്തിലായ കാലമായിരുന്നു അത്. അദ്ദേഹം പക്ഷപാതിത്വത്തോടെ പെരുമാറുന്നുവെന്ന് അന്നത്തെ പ്രതിപക്ഷമായ ബിജെപി ആരോപണമുയര്‍ത്തി.

ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2009ല്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അദ്ദേഹത്തെ നീക്കം ചെയ്യാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ഗോപാലസ്വാമി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി കൈക്കൊണ്ടില്ല.

അദ്ദേഹത്തെ നീക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവായ എല്‍ കെ അദ്വാനിയും 204 എംപിമാരും ഒപ്പിട്ട നിവേദനം രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാമിനും സമര്‍പ്പിച്ചു. ബിജെപി ഇക്കാര്യം സുപ്രീം കോടതിയിലും എത്തിച്ചു.

1945 ജൂലൈ 30നാണ് ചൗവ്‌ല ജനിച്ചത്. സനവാറിലെ ലോറന്‍സ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടി. ഡല്‍ഹിയിലാണ് ഏറെക്കാലവും അദ്ദേഹം തന്‍റെ ഔദ്യോഗിക ജീവിതം നടത്തിയിരുന്നതെങ്കിലും മറ്ര് ചില കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കും മുമ്പ് ഇദ്ദേഹം കേന്ദ്ര സെക്രട്ടറി പദവും വഹിച്ചിരുന്നു.

മദര്‍ തെരേസയുടെ ജീവചരിത്രകാരന്‍ കൂടിയാണ് ഇദ്ദേഹം. 1992ല്‍ ബ്രിട്ടനിലാണ് മദര്‍ തെരേസ എന്ന ജീവചരിത്രം പ്രസിദ്ധീകരിച്ചത്. ഇത് നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. രഘുറായ്ക്കൊപ്പം ഫെയ്‌ത് ആന്‍ഡ് കംപാഷന്‍-ദ ലൈഫ് ആന്‍ഡ് വര്‍ക്ക് ഓഫ് മദര്‍ തെരേസ എന്ന പുസ്‌തകവും 1997ല്‍ അദ്ദേഹം എഴുതി. ഇതും ബ്രിട്ടനിലാണ് പ്രസിദ്ധീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ഇംപീച്ച്മെന്‍റിലൂടെ നീക്കം ചെയ്യാനായി ഒരുഭരണഘടന ഭേദഗതിക്ക് അദ്ദേഹം നിയമമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്‌തിരുന്നു. സഭയില്‍ ഹാജരായിട്ടുള്ള അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയുള്ള ഇംപീച്ച്മെന്‍റാണ് അദ്ദേഹം ശുപാര്‍ശ ചെയ്‌തത്.

താനടക്കം രണ്ട് കമ്മീഷണര്‍മാരെ നീക്കം ചെയ്യാനുള്ള നീക്കം ചൂണ്ടിക്കാട്ടി കമ്മീഷണര്‍മാര്‍ക്ക് സംരക്ഷണം വേണമെന്ന് കൂടി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ ശുപാര്‍ശ. എന്നാല്‍ ഇപ്പോഴും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മീഷണര്‍മാരുടെയും പിരിച്ച് വിടല്‍ സംവിധാനത്തില്‍ മാറ്റമൊന്നും വന്നിട്ടില്ല.

മൂന്നാം ലിംഗക്കാരെ വോട്ടര്‍ പട്ടികയില്‍ ഒ വിഭാഗത്തില്‍ പെടുത്തി രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിത് തെരഞ്ഞെടുപ്പ് കമ്മീന്‍ മൂന്നാംലിംഗം എന്ന വിഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also Read:തെരഞ്ഞെടുപ്പ് ചട്ട ഭേദഗതി; ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് സിപിഎം

ABOUT THE AUTHOR

...view details