ബെംഗളൂരു: ഇന്ത്യയില്‍ ആദ്യമായി 600 ഗ്രാമില്‍ താഴെ ഭാരവും 23 ആഴ്‌ച (6 മാസം) പ്രായവുമുളള ഇരട്ടക്കുട്ടികള്‍ ജനിച്ചു. 550 ഗ്രാമും 540 ഗ്രാമും തൂക്കമുളള കുട്ടികളാണ് ബെംഗളൂരുവില്‍ ജനിച്ചത്. സമീപകാലത്ത് ഇത്ര വെല്ലുവിളി നിറഞ്ഞ ഒരു കേസ് ഉണ്ടായിട്ടില്ല എന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു.
കര്‍ഷകരായ ദമ്പതികള്‍ക്ക് കുറേ നാളത്തെ കാത്തിരിപ്പിനെടുവിലാണ് കുട്ടികള്‍ പിറന്നത്. ഗര്‍ഭിണിയായപ്പോള്‍ ഇരട്ടക്കുട്ടികളാണെന്ന വിവരം ദമ്പതികളുടെ സന്തോഷം ഇരട്ടിയാക്കിയിരുന്നു. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. അമ്മയുടെ സെർവിക്‌സ് (ഗര്‍ഭപാത്രത്തിന്‍റെ താഴത്തെ ഭാഗം) ചുരുങ്ങുന്നു എന്ന വാര്‍ത്ത അവരുടെ സന്തോഷം ഇല്ലാതാക്കി. ഗര്‍ഭകാലം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് 17ാം ആഴ്‌ചയില്‍ കുട്ടികളെ പുറത്തെടുക്കേണ്ടിവരുമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ 23 ആഴ്‌ചകള്‍ക്ക് ശേഷമാണ് നവജാത ശിശുക്കള്‍ ജനിച്ചത്. വിദഗ്‌ധ ഡോക്‌ടർമാരുടെ പ്രത്യേക മെഡിക്കൽ സംഘമാണ് അമ്മയെയും ഇരട്ടക്കുട്ടികളെയും പരിചരിക്കുന്നത്.
സങ്കീർണമായ കേസായിരുന്നു ഇതെന്ന് ലീഡ് പീഡിയാട്രിക്‌സ് കൺസൾട്ടൻ്റായ ശ്രീനിവാസ മൂർത്തി സിഎൽ പറഞ്ഞു. 'ഇതുപോലൊരു കേസ് ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഓരോ 1000 പ്രസവങ്ങളിലും 2.5 എണ്ണം 23 ആഴ്‌ച പ്രായമായ കുട്ടികളുടേതായിരിക്കും. എന്നാല്‍ ഈ കുട്ടികളിൽ 50 ശതമാനവും ജനിച്ച് ആദ്യത്തെ 72 മണിക്കൂറിനുള്ളിൽ മരിക്കാനാണ് സാധ്യത. എന്നാല്‍ ശിശുക്കളുടെ വെൻ്റിലേറ്ററുകൾ, ഇൻകുബേറ്ററുകൾ, കാർഡിയാക് മോണിറ്ററുകൾ എന്നിവ ഉപയോഗിച്ച് ഈ കുട്ടികളുടെ ചികിത്സ ഉറപ്പാക്കും' എന്ന് ഡോക്‌ടര്‍ പറഞ്ഞു.
ആദ്യം പോയ ആശുപത്രിയില്‍ നിന്ന് തങ്ങളെ ബെംഗളൂരുവിലെ ആസ്‌റ്റര്‍ വുമണ്‍ ആന്‍റ് ചില്‍ഡ്രൻ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്ക് റഫർ ചെയ്യുകയായിരുന്നുവെന്ന് ഇരട്ടക്കുട്ടികളുടെ പിതാവ് പറഞ്ഞു. ഇവിടെ ഇത്രയും ചെലവ് ഉണ്ടാകുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. തങ്ങൾക്ക് സഹായം നൽകിയ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പ്രത്യേകിച്ച് ഇവിടുത്തെ ഡോക്‌ടർമാരോടും കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മാസങ്ങളിൽ മുഴുവൻ തങ്ങള്‍ ഇവിടെയായിരുന്നു. ആശുപത്രി തങ്ങള്‍ക്ക് വീടായി മാറി എന്നും കുട്ടികളുടെ പിതാവ് പറഞ്ഞു.