ന്യൂഡല്‍ഹി :മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കുറ്റക്കാരനാണെന്ന നിഗമനത്തിലെത്താന്‍ തങ്ങളെ സഹായിച്ചത് അദ്ദേഹത്തിന്‍റെ പെരുമാറ്റമെന്ന് ഇഡി സുപ്രീം കോടതിയില്‍. ഇഡി അറസ്റ്റിനെതിരായി കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിക്കുള്ള മറുപടി സത്യവാങ്‌മൂലത്തിലാണ് പരാമര്‍ശം. ഒന്‍പത് തവണ സമന്‍സ് അയച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാതെ ചോദ്യം ചെയ്യലില്‍ നിന്ന് എഎപി നേതാവ് ഒഴിഞ്ഞുമാറുകയായിരുന്നു എന്ന് ഇഡി സത്യവാങ്‌മൂലത്തില്‍ പറഞ്ഞു.
എന്നാല്‍ സത്യവാങ്‌മൂലത്തോട് പ്രതികരിച്ച ആം ആദ്‌മി പാര്‍ട്ടി, 'ഇഡി നുണകള്‍ പറയാനുള്ള യന്ത്രമായി മാറി' എന്ന് തിരിച്ചടിച്ചു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്‌രിവാള്‍ കുറ്റക്കാരനാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇഡി. തന്‍റെ അറസ്റ്റിനെ ചോദ്യം ചെയ്‌തുകൊണ്ടുള്ള കെജ്‌രിവാളിന്‍റെ ഹര്‍ജി നിലനില്‍ക്കില്ല എന്ന് ഇഡി വ്യക്തമാക്കി. ഇഡിയുടെ വസ്‌തുതകള്‍ വ്യത്യസ്‌ത തലങ്ങളിലുള്ള ജുഡീഷ്യല്‍ അധികാരികള്‍ പരിശോധിച്ചതാണെന്നും കെജ്‌രിവാള്‍ കുറ്റക്കാരനാണെന്നും അറസ്റ്റ് ചെയ്യപ്പെടാന്‍ ബാധ്യസ്ഥനാണെന്നും കോടതികള്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടതായും ഇഡി സത്യവാങ്‌മൂലത്തില്‍ പറയുന്നു.