കേരളം

kerala

ETV Bharat / bharat

ഇഡിയും സിബിഐയും സ്വതന്ത്ര ഏജന്‍സികള്‍; ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ - Anurag Thakur On central agencies

അഴിമതിക്കെതിരെ നടപടിയെടുക്കുന്നതിന് സമയം നോക്കേണ്ടതുണ്ടോ എന്നും ടൈംസ് നൗ ഉച്ചകോടിയിൽ സംസാരിക്കവേ അനുരാഗ് താക്കൂര്‍ ചോദിച്ചു.

ANURAG THAKUR  ED AND CBI ARE INDEPENDENT  ELECTORAL BOND  KEJRIWAL ARREST
ED and CBI Are Independent, Nothing To Do With BJP says Union Minister Anurag Thakur

By ETV Bharat Kerala Team

Published : Mar 29, 2024, 7:35 AM IST

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും (ഇഡി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനുമെല്ലാം (സിബിഐ) സ്വതന്ത്ര ഏജൻസികളാണെന്നും ഇവയ്ക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ. ഇഡി സിബിഐ തുടങ്ങിയ ഏജന്‍സികള്‍ ബിജെപി സര്‍ക്കാരിന്‍റെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്നു എന്ന പ്രതിപക്ഷത്തിന്‍റെ ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ വിശദീകരണം.

'ഈ 10 വർഷത്തിനിടെ മോദിജി അഴിമതി നടത്തി എന്ന് ആര്‍ക്കും ആരോപിക്കാൻ കഴിയില്ല. 2013 ൽ, താൻ രാഷ്‌ട്രീയത്തിൽ ഇറങ്ങില്ലെന്നും കോണ്‍ഗ്രസുമായി കൈകോർക്കില്ലെന്നും മകളെപ്പിടിച്ച് സത്യം ചെയ്യാമെന്ന് കെജ്‌രിവാൾ പറയാറുണ്ടായിരുന്നു. കോൺഗ്രസിനും എഎപിക്കും സ്വന്തമായി നേട്ടങ്ങളൊന്നുമില്ല.

അവർ രാവിലെയും വൈകുന്നേരവും മോദിജിയെ അധിക്ഷേപിക്കുക മാത്രമാണ് ചെയ്യുന്നത്. പ്രധാനമന്ത്രി മോദിയെ അവര്‍ കൂടുതൽ അധിക്ഷേപിക്കുമ്പോള്‍ കൂടുതല്‍ പിന്തുണയോടെ ഞങ്ങളെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു'- ടൈംസ് നൗ ഉച്ചകോടിയിൽ സംസാരിക്കവേ അനുരാഗ് താക്കൂര്‍ പറഞ്ഞു.

ഇഡി അരവിന്ദ് കെജ്‌രിവാളിന് ഒമ്പത് തവണ സമന്‍സ് അയച്ചു. എന്തുകൊണ്ടാണ് അദ്ദേഹം വരാത്തത്? അദ്ദേഹം ധാർമികതയെക്കുറിച്ച് വലിയ രീതിയില്‍ സംസാരിക്കാറുണ്ടായിരുന്നു. അദ്ദേഹം വരാതിരുന്നപ്പോള്‍ ഇഡി അദ്ദേഹത്തിന്‍റെ വീട്ടിലെത്തി. 2014ലും 2019ലും എഎപിക്ക് ഡൽഹിയിൽ പൂജ്യം സീറ്റ് ലഭിച്ചതുപോലെ, ഇത്തവണ പഞ്ചാബിലും പൂജ്യം സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ സഖ്യം അഹങ്കാരവും ഈഗോയും നിറഞ്ഞതാണെന്നും അനുരാഗ് താക്കൂർ ആരോപിച്ചു. '2ജി അഴിമതി, അന്തർവാഹിനി, കൽക്കരി അഴിമതി തുടങ്ങി നിരവധി അഴിമതി ആരോപണങ്ങള്‍ അവര്‍ക്കെതിരെയുണ്ട്. ആ മുഖവുമായി അവര്‍ക്ക് പൊതുജനങ്ങൾക്ക് മുന്നിൽ പോകാൻ കഴിയില്ല. പിന്നെ ആരെയാണ് സഖ്യത്തില്‍ ചേർത്തത്? കാലിത്തീറ്റ കുംഭകോണക്കേസിലെ ലാലു യാദവിനെ.'- അനുരാഗ് താക്കൂര്‍ പറഞ്ഞു.

അഴിമതിക്കാർക്കെതിരെ അന്വേഷണ ഏജൻസികൾ നടപടിയെടുക്കുക പതിവാണെന്നും ഭാവിയിലും അത് തുടരുമെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് സമയം നോക്കേണ്ട കാര്യമുണ്ടോ എന്നും താക്കൂർ ചോദിച്ചു.

2ജി അഴിമതിയിൽ ഉൾപ്പെട്ട എ രാജയെയും മറ്റുള്ളവരെയും സംരക്ഷിക്കാൻ അന്നത്തെ യുപിഎ സർക്കാരാണ് മുന്‍കൈ എടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. ഇപ്പോള്‍ അനുമതി ലഭിച്ചാൽ ഇതിലും സുതാര്യമായ അന്വേഷണം നടക്കുമെന്നും നിയമാനുസൃതമായ നടപടിയുണ്ടാകുമെന്നും രാജ്യത്തോട് പ്രഖ്യാപിക്കുന്നതായും അനുരാഗ് താക്കൂര്‍ പറഞ്ഞു.

ഇലക്‌ടറല്‍ ബോണ്ട് സംബന്ധിച്ച ആരോപണങ്ങളിലും അനുരാഗ് താക്കൂര്‍ പ്രതികരിച്ചു. ഞങ്ങൾക്ക് ധൈര്യമുണ്ടായിരുന്നതിനാലാണ് ഞങ്ങൾ ഇലക്‌ടറൽ ബോണ്ടുകൾ കൊണ്ട് വന്നത്. ഞങ്ങൾക്ക് 18 സംസ്ഥാനങ്ങളില്‍ സർക്കാരുകളും 303 സീറ്റുകളും ഉണ്ട്. എന്നിട്ടും ഞങ്ങൾക്ക് ലഭിച്ചത് 6000 കോടി രൂപ മാത്രമാണ്. തൃണമൂൽ കോൺഗ്രസിന് ഒറ്റ സംസ്ഥാനത്താണ് സർക്കാരുള്ളത് അവർക്ക് 1,600 കോടിയാണ് ലഭിച്ചതെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

Also Read :കെജ്‌രിവാള്‍ നാല് ദിവസം കൂടി ഇഡി കസ്‌റ്റഡിയില്‍; റിമാന്‍ഡ് നീട്ടി റോസ് അവന്യു കോടതി - ED Custody Of Kejriwal Extended

ABOUT THE AUTHOR

...view details