അമരാവതി : പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവിന് നോട്ടിസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനാലാണ് നോട്ടിസ്.
മാർച്ച് 31 ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി ജഗൻ മോഹനു നേരെ രാക്ഷസൻ, മൃഗം, കള്ളൻ, തുടങ്ങിയ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടുകകയായിരുന്നു. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആന്ധ്രാപ്രദേശ് ചീഫ് ഇലക്‌ടറൽ ഓഫിസർ അയച്ച നോട്ടിസിൽ പറയുന്നത്.
വിഷയത്തിൽ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ലെല്ല അപ്പി റെഡ്ഡിയുടേതുൾപ്പെടെ രണ്ടു പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്. യെമ്മിഗനൂർ, മാർക്കപുരം, ബപട്‌ല മണ്ഡലങ്ങളിൽ നടത്തിയ പ്രചാരണ റാലികളിൽ വച്ചാണ് ജഗൻ മോഹൻ റെഡ്ഡിയെ അപകീർത്തികരമായ ഭാഷയിൽ ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു വിമർശിച്ചതെന്ന് കമ്മിഷൻ അയച്ച നോട്ടിസിൽ പറയുന്നു.
Also Read: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാല്‍ 'പെരുമാറ്റച്ചട്ടം', അറിയാം 60 വര്‍ഷത്തെ പരിണാമ ചരിത്രം - Election Model Code Of Conduct
ചന്ദ്രബാബു നായിഡുവിന്‍റെ പ്രസംഗങ്ങൾ അവലോകനം ചെയ്‌ത തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഥമദൃഷ്ട്യാ മാതൃക പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി.