ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയലിന്‍റെ പെട്ടെന്നുള്ള രാജിയെക്കുറിച്ച് പ്രതികരിക്കാതെ ഒഴിഞ്ഞ് മാറി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. അദ്ദേഹത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നായിരുന്നു രാജീവ് കുമാര്‍ പ്രതികരിച്ചത്. കമ്മീഷനുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ അംഗീകരിക്കാറുണ്ടെന്നും അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയക്രമം അറിയിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി(Arun Goel).
അരുണ്‍ ഗോയലിന് 2027 ഡിസംബര്‍ വരെ കാലാവധിയുള്ളപ്പോഴാണ് കഴിഞ്ഞ ശനിയാഴ്‌ച അപ്രതീക്ഷിതമായി അദ്ദേഹം രാജി വച്ചത്. തങ്ങളുടെ കൂട്ടത്തിലെ വളരെ സമര്‍ത്ഥനായ അംഗമായിരുന്നു അരുണ്‍ ഗോയലെന്നും രാജീവ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് താന്‍ ഏറെ ആസ്വദിച്ചിരുന്നെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാ സ്ഥാപനങ്ങളും വ്യക്തികളുടെ സ്വകാര്യ ഇടങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്. അവിടെ നമ്മള്‍ ഇടപെടാന്‍ പാടില്ല. സ്വകാര്യ ചോദ്യങ്ങള്‍ ആരോടും ചോദിക്കാന്‍ പാടില്ലെന്നും രാജീവ്കുമാര്‍ ചൂണ്ടിക്കാട്ടി(election commissioner).
രാജി വയ്ക്കാന്‍ അദ്ദേഹത്തിന് വ്യക്തിപരമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ നാമത് മാനിക്കണം. രാജീവ് കുമാറുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് ഗോയല്‍ രാജി വച്ചതെന്നാണ് അഭ്യൂഹം. ഇക്കാര്യത്തില്‍ നേരിട്ട് പ്രതികരിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരമൊരു കീഴ്‌വഴക്കം കമ്മീഷനിലുണ്ട്. ഇതൊരു സങ്കീര്‍ണമായ പ്രക്രിയ ആണ്. ഒന്നിനെക്കാള്‍ മൂന്ന് മനസുകളുള്ളതാണ് നല്ലത്. പ്രശ്നങ്ങള്‍ക്ക് മുകളിലാണ് തങ്ങളുടെ ഉറക്കം. അവ പരിഹരിക്കാന്‍ സമയമെടുത്ത് അത് പരിഹരിക്കും(CEC).