ഗുഡ്‌ഗാവ് (ഹരിയാന): മൗത്ത് ഫ്രെഷറിന് പകരം നല്‍കിയത് ഡ്രൈ ഐസ്, പ്രാദേശിക റസ്റ്റോറന്‍റിലെ മാനേജര്‍ക്കെതിരെ നടപടി. സെക്‌ടർ 90 ലെ ലാഫോറെസ്റ്റ എന്ന കഫേ കം റെസ്റ്റോറന്‍റിലാണ് സംഭവം. സംഭവത്തില്‍ അഞ്ച്പേര്‍ക്ക് വായിൽ ഗുരുതരമായ മുറിവുണ്ടായതായി പൊലീസ്.
മൂന്ന് മാസം മുമ്പ് കഫേയിൽ ചേർന്ന ഡൽഹി കീർത്തി നഗർ സ്വദേശിയായ 30 കാരനായ ഗഗൻദീപ് ആണ് അറസ്റ്റിലായത്. അന്വേഷണത്തിൽ ഉടമയ്ക്കും നോട്ടീസ് നൽകുമെന്ന് എസിപി മനേസർ സുരേന്ദർ ഷിയോറൻ പറഞ്ഞു.
'പ്രാഥമിക ചോദ്യം ചെയ്യലിൽ, റസ്റ്റോറന്‍റ് ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് മൗത്ത് ഫ്രെഷനറും ഡ്രൈ ഐസും തെറ്റായി കലർന്നതെന്ന് അറസ്റ്റിലായ മാനേജർ പറഞ്ഞു. അതിഥികളോട് ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്നും സംഭവിച്ചത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പേരിൽ രണ്ട് പേർ ഇപ്പോഴും ആശുപത്രിയിലാണെന്ന് പൊലീസ് കൂട്ടിചേര്‍ത്തു.
റസ്റ്റോറന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായ വലിയ അനാസ്ഥയാണിതെന്നും ഉടമയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ഇരകളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഗ്രേറ്റർ നോയിഡയിലെ താമസക്കാരനായ അങ്കിത് കുമാർ നൽകിയ പരാതി പ്രകാരം മാർച്ച് മൂന്നിന് രാത്രി ലാഫോറെസ്റ്റ റസ്റ്റോറന്‍റിലെത്തി ഭക്ഷണ ശേഷം നല്‍കിയ മൗത്ത് ഫ്രഷ്‌നർ കഴിച്ചയുടന്‍ വായിൽ പൊള്ളലേറ്റ പൊലെ അനുഭവം ഉണ്ടാകുകയും ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്‌തു. ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. ലാഫോറെസ്റ്റ സന്ദർശിച്ചെങ്കിലും സംഭവ ശേഷം റെസ്റ്റോറന്‍റ് പൂട്ടിയ നിലയിലാണ്. റെസ്റ്റോറന്‍റിന്‍റെ മാനേജരെ അറസ്റ്റ് ചെയ്‌ത് സിറ്റി കോടതിയിൽ ഹാജരാക്കി. അന്വേഷണത്തിൽ ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും എസ്‌പി ഷിയോറൻ പറഞ്ഞു.