കേരളം

kerala

ETV Bharat / bharat

അസമില്‍ നിന്നെത്തി, ഡല്‍ഹി മൃഗശാലയില്‍ ഇനി ധര്‍മ്മേന്ദ്രയില്ല; ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം ചത്തു - RHINO DHARMENDRA DIES

2024 സെപ്റ്റംബറില്‍ ഡല്‍ഹി മൃഗശാലയിലെത്തിയ പതിനൊന്ന് വയസുള്ള കാണ്ടാമൃഗം പൂര്‍ണ ആരോഗ്യവാനായിരുന്നു. ചത്തതില്‍ ദുരൂഹതയെന്ന് അധികൃതര്‍.

Delhi Zoo  One Horned Rhino Dharmendra  Unnatural Circumstances  Indian Veterinary Institute
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Jan 3, 2025, 12:20 PM IST

ന്യൂഡല്‍ഹി :ഡല്‍ഹി മൃഗശാലയിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം ധര്‍മ്മേന്ദ്ര ദുരൂഹ സാഹചര്യത്തില്‍ ചത്തു. മൃഗ കൈമാറ്റ പരിപാടിയുടെ ഭാഗമായാണ് ധര്‍മ്മേന്ദ്ര ഡല്‍ഹി മൃഗശാലയിലെത്തിയത്. അസ്വാഭാവിക മരണമാണെന്ന് അധികൃതര്‍ പറഞ്ഞു.

11 വയസുള്ള ധര്‍മ്മേന്ദ്ര 2024 സെപ്റ്റംബറില്‍ ആണ് ഇവിടെയെത്തിയത്. പൂര്‍ണ ആരോഗ്യവാനായിരുന്നു. ഇണചേരാനായി ഇതിനെ പെണ്‍ കാണ്ടാമൃഗങ്ങള്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇന്ന് പുലര്‍ച്ചെയാണ് ധര്‍മ്മേന്ദ്രയെ ചത്തനിലയില്‍ കണ്ടെത്തിയതെന്ന് മൃഗശാല മേധാവി സഞ്ജീത് കുമാര്‍ പറഞ്ഞു. സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയിരുന്നില്ല. മൃഗശാലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാണ്ടാമൃഗത്തിന് യാതൊരു അസുഖവും ഉണ്ടായിരുന്നില്ല. മരണത്തിന്‍റെ സാധ്യതകളെല്ലാം പരിശോധിക്കും. അന്വേഷണം തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്‌ധ സംഘം പരിശോധനയും പോസ്റ്റ്‌മോര്‍ട്ടവും നടത്തും. ആന്ത്രാക്‌സ് സാധ്യത തള്ളിയ അദ്ദേഹം ഇന്ന് തന്നെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നും അറിയിച്ചിട്ടുണ്ട്. ദേശീയ സുവോളജിക്കല്‍ പാര്‍ക്കിന്‍റെ ജോയിന്‍റ് ഡയറക്‌ടറോട് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ധര്‍മ്മേന്ദ്രയോടൊപ്പമുണ്ടായിരുന്ന പെണ്‍ കാണ്ടാമൃഗങ്ങള്‍ക്ക് യാതൊരു കുഴപ്പവും ഇതുവരെയില്ല. ഇവയെ നിരീക്ഷിച്ച് വരികയാണെന്നും മൃഗശാല മേധാവി പറഞ്ഞു. അസം മൃഗശാലയുമായുള്ള മൃഗ കൈമാറ്റ ധാരണപ്രകാരമാണ് ധര്‍മ്മേന്ദ്ര ഇവിടെയെത്തിയത്. ധര്‍മ്മേന്ദ്രയ്‌ക്കൊപ്പം ആണ്‍ ബംഗാള്‍ കടുവ, വിവിധ നിറത്തിലുള്ള ഒരു വേഴാമ്പല്‍ തുടങ്ങിയവയും ഇവിടേക്ക് എത്തിയിരുന്നു.

ഡല്‍ഹി മൃഗശാലയില്‍ നിന്ന് പെണ്‍കടുവ, കറുത്തമാന്‍, വെള്ളമാന്‍, വംശനാശ ഭീഷണി നേരിടുന്ന നീലയും മഞ്ഞയും നിറമുള്ള പ്രത്യേക തത്ത എന്നിവയേയും അസം മൃഗശാലക്ക് കൈമാറിയിരുന്നു. 2024 ഒക്‌ടോബറില്‍ പൊതുജനങ്ങള്‍ക്ക് കാണാനായി പ്രദര്‍ശിപ്പിക്കും വരെ ആണ്‍ കാണ്ടാമൃഗം ഏകാന്തവാസത്തില്‍ ആയിരുന്നു. യാതൊരു പകര്‍ച്ചവ്യാധികളും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പിന്നീട് ഇതിനെ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയത്.

വിദഗ്‌ധ പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്നും മൃഗശാല അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ 28ന് ഒന്‍പത് മാസം പ്രായമുള്ള ഒരു കടുവക്കുഞ്ഞ് ചത്തതിന് പിന്നാലെയാണ് ഈ സംഭവം. ന്യുമോണിയ ബാധിച്ചാണ് കടുവക്കുട്ടി ചത്തത്. 2024 മാര്‍ച്ചില്‍ ജനിച്ച മറ്റ് രണ്ട് കടുവക്കുഞ്ഞുങ്ങള്‍ മൃഗശാലയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Also read:അമേരിക്കയില്‍ നിന്നും മരുന്നെത്തി, ഗ്രേസിക്ക് ഇനി ചികിത്സാകാലം; തിരുവനന്തപുരം മൃഗശാലയിലെ സിംഹത്തിന് പുതുജീവന്‍

ABOUT THE AUTHOR

...view details