ന്യൂഡൽഹി : സിവിൽ സർവീസ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ റിപ്പോർട്ട് നൽകാൻ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്‌സേന ഡിവിഷണൽ കമ്മിഷണർക്ക് നിർദേശം നൽകി. ഏജൻസികളുടെ അവഗണനയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് സംഭവം വിരൽ ചൂണ്ടുന്നതെന്ന് ഗവർണർ പറഞ്ഞു. സംഭവത്തില്‍ വി കെ സക്‌സേന ദുഖം രേഖപ്പെടുത്തി.
'ഇന്ത്യയുടെ തലസ്ഥാനത്ത് ഇത് സംഭവിക്കുന്നത് ഏറ്റവും ദൗർഭാഗ്യകരവും അസ്വീകാര്യവുമാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മറ്റ് 7 പൗരന്മാർ വൈദ്യുതാഘാതം മൂലം മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.' കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച്, അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്‌തു.
താൻ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഡൽഹി പൊലീസിന്‍റെയും അഗ്നിശമന സേനയുടെയും രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിച്ചിട്ടുണ്ടെന്നും സക്‌സേന പറഞ്ഞു. 'ഈ സംഭവങ്ങൾ ക്രിമിനൽ അവഗണനയിലേക്കും ബന്ധപ്പെട്ട ഏജൻസികളുടെയും വകുപ്പുകളുടെയും അടിസ്ഥാന അറ്റകുറ്റപ്പണികളുടെയും ഭരണനിർവഹണത്തിന്‍റെയും പരാജയത്തിലേക്ക് വ്യക്തമായി വിരൽ ചൂണ്ടുന്നതായും അദ്ദേഹം കുറിച്ചു.