ചണ്ഡീഗഢ് : കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില അടക്കമുള്ള ആവശ്യങ്ങളുമായി പ്രതിഷേധിക്കുന്ന കര്‍ഷകരുമായി സര്‍ക്കാര്‍ ഞായറാഴ്‌ച വീണ്ടും ചര്‍ച്ച നടത്തും (Govt-Farmers Meeting). കര്‍ഷകരും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം നടന്ന പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താത്തെ പിരിഞ്ഞിരുന്നു. മൂന്ന് കേന്ദ്രമന്ത്രിമാരും കര്‍ഷക സംഘടന പ്രതിനിധികളുമായി ഡല്‍ഹിയിലായിരുന്നു ചര്‍ച്ച. അതേസമയം ചര്‍ച്ച വളരെ ഫലപ്രദമായിരുന്നു എന്നാണ് കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടെ പ്രതികരിച്ചത്. അടുത്ത ഘട്ട ചര്‍ച്ച ഞായറാഴ്‌ച നടക്കുമെന്നും അദ്ദേഹം അറിയിച്ചു (farmers govt meeting On Feb 18).
അതേസമയം തങ്ങള്‍ പഞ്ചാബ്, ഹരിയാന അതിര്‍ത്തികളില്‍ തുടരുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. കേന്ദ്ര കാര്‍ഷിക-കര്‍ഷക ക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ടെ, വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി തുടങ്ങിയവരാണ് കര്‍ഷക നേതാക്കളുമായി ചര്‍ച്ചയ്‌ക്കെത്തിയത്. കാര്‍ഷിക വിളകള്‍ക്ക് ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കലടക്കം കര്‍ഷകര്‍ മുന്നോട്ട് വച്ച വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയായി (Union minister Arjun Munda).
മികച്ച അന്തരീക്ഷത്തിലായിരുന്നു ചര്‍ച്ചയെന്ന് അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം പുറത്ത് വന്ന കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടെ മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചകള്‍ തുടരുമെന്നും ഞായറാഴ്‌ച വൈകിട്ട് ആറ് മണിക്ക് മറ്റൊരു യോഗം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നിച്ചിരുന്ന് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യോഗത്തില്‍ സംബന്ധിച്ചു. ന്യൂഡല്‍ഹിയിലെ സെക്‌ടര്‍ 26ലുള്ള മഹാത്മാഗാന്ധി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്‌മിനിസ്ട്രേഷനിലായിരുന്നു യോഗം. കഴിഞ്ഞ ദിവസം രാവിലെ എട്ടേമുക്കാലിന് ആരംഭിച്ച യോഗം വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. സര്‍ക്കാരും കര്‍ഷക നേതാക്കളുമായി വിശദമായ ചര്‍ച്ച നടന്നതായി മാന്‍ അറിയിച്ചു. വിവിധ വിഷയങ്ങളില്‍ ഇരുപക്ഷവും തമ്മില്‍ ചില ധാരണകളില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.