ന്യൂഡല്‍ഹി:വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈന്ദവ-സിഖ് വോട്ടുകള്‍ ആകര്‍ഷിക്കാൻ വമ്പൻ വാഗ്‌ദാനവുമായി ആം ആദ്‌മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. ക്ഷേത്രങ്ങളിലെ പൂജാരിമാരെയും ഗുരുദ്വാരകളിലെ പുരോഹിതന്മാരെയും കേന്ദ്രീകരിച്ചാണ് പദ്ധതി. ആം ആദ്‌മി പാര്‍ട്ടി ഡല്‍ഹിയില്‍ വീണ്ടും അധികാരത്തിലേറിയാല്‍ പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ പൂജാരിമാര്‍ക്കും ഗ്രാന്‍ററിമാര്‍ക്കും പ്രതിമാസം 18,000 രൂപ ഓണറേറിയം നല്‍കുമെന്നാണ് കെജ്‌രിവാളിന്‍റെ പ്രഖ്യാപനം.
'ഒരു സുപ്രധാന പ്രഖ്യാപനമാണ് ഇന്ന് നടത്തുന്നത്. പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന എന്നാണ് പുതിയ പദ്ധതിയുടെ പേര്. ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരയിലെ പുരോഹിതര്‍ക്കും പ്രതിമാസം 18,000 രൂപ ഓണറേറിയം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത്. ആചാരങ്ങളെ തലമുറകളോളം മുന്നോട്ട് കൊണ്ടുപോകുന്ന വിഭാഗമാണ് പുരോഹിതര്‍. തങ്ങളുടെ കുടുംബത്തെ അവര്‍ ശ്രദ്ധിച്ചിട്ടില്ല. മറ്റുള്ളവരും അവരെ വേണ്ട രീതിയില്‍ പരിഗണിക്കാൻ തയ്യാറായിട്ടില്ല. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് പുതിയ പദ്ധതിയെന്നും' വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു.