ന്യൂഡൽഹി:ഉത്തർപ്രദേശിലെ കോൺഗ്രസ് പിസിസി അധ്യക്ഷന് സംഭാലിലേക്ക് പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധവുമായി നേതാക്കള്‍. സംസ്ഥാന അധ്യക്ഷൻ അജയ് റായ്‌യുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് സംഭാല്‍ സന്ദര്‍ശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സംഭാൽ സന്ദർശിക്കാൻ പിസിസി അധ്യക്ഷന് അനുമതി നിഷേധിച്ച് യുപി പൊലീസ് കത്ത് അയക്കുകയായിരുന്നു.
പിസിസി അധ്യക്ഷനെ പൊലീസ് തടഞ്ഞതിനെത്തുടർന്ന് യുപി കോൺഗ്രസ് ഓഫിസിന് പുറത്ത് പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. ജില്ലയിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതായി പൊലീസ് അറിയിച്ച ശേഷം കോൺഗ്രസ് പ്രതിനിധി സംഘം സംഭാൽ സന്ദർശിക്കുമെന്നാണ് അജയ് റായ് അറിയിച്ചത്.
സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും രംഗത്തെത്തി. ഉത്തർപ്രദേശ് പൊലീസ് ക്ഷണിക്കുമ്പോഴാണോ സംഭാൽ സന്ദർശിക്കേണ്ടതെന്ന് ആര്‍ജെഡി എംപി മനോജ് ഝാ ചോദിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ അവിടെ പോകുന്നത് അവരെ ആശ്വസിപ്പിക്കാനാണെന്നും ഝാ പറഞ്ഞു. യുപി സര്‍ക്കാരിന്‍റെ നടപടി രാജ്യത്തെ കുറിച്ച് നല്ല ആശയം നൽകുന്നതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.