ന്യൂഡൽഹി: മന്‍മോഹന്‍ സിങ്ങിന്‍റെ നിര്യാണത്തിന് പിന്നാലെ ബിജെപി അഴിച്ചുവിടുന്ന ആരോപണങ്ങളില്‍ കനത്ത വിമര്‍ശനവുമായി കോൺഗ്രസ് എംപി സുഖ്‌ജീന്ദർ സിങ് രൺധവ. മൻമോഹൻ സിങ്ങിന്‍റെ പേരിൽ രാഷ്‌ട്രീയം കളിക്കുന്നതിന് ബിജെപി മാപ്പ് പറയണമെന്നും കോൺഗ്രസ് എംപി ആവശ്യപ്പെട്ടു.
'ബിജെപി നുണകൾ മാത്രമേ പറയൂ... എല്ലാ കാര്യങ്ങളിലും അവർ കള്ളം പറയും... മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് സ്‌മാരകം പണിയാൻ അവർ സ്ഥലം നൽകിയില്ല... മൻമോഹൻ സിങ്ങിന്‍റെ ഭൗതിക ശരീരം രാഹുൽ ഗാന്ധിയാണ് തോളിലേറ്റിയത്... ബിജെപി അദ്ദേഹത്തെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്... ഇതില്‍ അവര്‍ ലജ്ജിക്കണം. മൻമോഹൻ സിങ്ങിന്‍റെ പേരിൽ രാഷ്‌ട്രീയം കളിച്ചതിന് അവർ മാപ്പ് പറയണം.'- രൺധവ എഎൻഐയോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ വിയോഗത്തിൽ രാജ്യം ദുഃഖിക്കുമ്പോൾ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത് ആഘോഷിക്കാനാണ് എന്നായിരുന്നു ബിജെപിയുടെ ആരോപണം. ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല എക്‌സിലാണ് വിമര്‍ശനം ഉന്നയിച്ചത്.
'മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ വിയോഗത്തിൽ രാജ്യം ദുഃഖിക്കുമ്പോഴും രാജ്യം ഏഴ് ദിവസത്തെ ദുഃഖം ആചരിക്കുമ്പോഴും പുതുവത്സരം കൊണ്ടാടാന്‍ രാഹുൽ ഗാന്ധി വിദേശത്തേക്ക് പറന്നു. ഡോ. മൻമോഹൻ സിങ്ങിനെ കോൺഗ്രസ് ഗൗനിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ജീവിത കാലത്ത് മുഴുവന്‍ അവർ അദ്ദേഹത്തെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്‌തു. ഇപ്പോഴും അതുതന്നെ ചെയ്യുന്നു.
ഇന്നലെ ആരും അദ്ദേഹത്തിന്‍റെ ചിതാഭസ്‌മം ഏറ്റുവാങ്ങാൻ പോയില്ല. കോണ്‍ഗ്രസ് അദ്ദേഹത്തിന് ഭാരത രത്ന കൊടുക്കാന്‍ പോലും വിസമ്മതിച്ചു എന്ന് ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ വരുന്നു. ഇതാണ് അവരുടെ യഥാർഥ മുഖം'- ഷെഹ്‌സാദ് പൂനവാല കുറിച്ചു.
സ്വകാര്യ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വിയറ്റ്‌നാമിലേക്ക് പോയതിന് പിന്നാലെ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാക്പോര് ഉടലെടുത്തിരുന്നു.