ന്യൂഡല്‍ഹി: ഔദ്യോഗിക സംവിധാനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന പരാതിയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മോദി പരിവാര്‍, മോദിയുടെ ഗ്യാരന്‍റി തുടങ്ങിയ പരസ്യവാചകങ്ങള്‍ പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്(Remove Modi Parivaar advertisement).
മുകുള്‍ വാസ്‌നിക്, സല്‍മാന്‍ ഖുര്‍ഷിദ്, സുപ്രിയ ശ്രീനാഥ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച് പരാതി കൈമാറിയത്(Congress Moves EC).
പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നെന്നും അടിയന്തരമായി കര്‍ശന നടപടി കൈക്കൊള്ളണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ തെറ്റായ പരസ്യങ്ങള്‍ക്കെതിരെ നടപടി വേണമെന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് കോണ്‍ഗ്രസ് പൂര്‍ണമായും കുറ്റവിമുക്തമാക്കപ്പെട്ട 2ജി സ്പെക്‌ട്രം അഴിമതി അടക്കമുള്ളവ ഉയര്‍ത്തി നടത്തുന്ന പ്രചാരണങ്ങള്‍ പിന്‍വലിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു(Modi Ki Guarantee).
പരസ്യങ്ങള്‍ അടിയന്തരമായി നീക്കണമെന്നും പരസ്യങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കും പ്രസിദ്ധീകരിച്ചവര്‍ക്കുമെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മോദി പരിവാര്‍, മോദിയുടെ ഗ്യാരന്‍റി എന്നിങ്ങനെയുള്ള പ്രചാരണ വാക്യങ്ങളും പരസ്യങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്നതിന്‍റെ തെളിവാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവുണ്ടായിട്ടു പോലും സൈന്യത്തെ ഉപയോഗിച്ച് വരെ ചട്ടലംഘനം നടത്തുന്നുണ്ട്. വാര്‍ത്താ വിനിമയ മന്ത്രാലയവും ഇത്തരം പരസ്യങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇതിലും നടപടിയുണ്ടാകണമെന്നും ഈ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.