ജയ്‌പൂര്‍: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി രംഗത്ത്. കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ക്ക് ചുരുങ്ങിയ താങ്ങുവില ആവശ്യപ്പെടുന്നു. യുവാക്കള്‍ തൊഴില്‍ ചോദിക്കുന്നു. സ്‌ത്രീകള്‍ വിലക്കയറ്റം അടക്കമുള്ളവയില്‍ നിന്ന് ആശ്വാസം തേടുന്നു. എന്നാല്‍ ഇവരെയൊന്നും ആരും ശ്രദ്ധിക്കുന്നില്ല. ഇവരുടെ ആവശ്യങ്ങള്‍ ആരും കേള്‍ക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഇത് പിന്നാക്കക്കാരുടെയും ദളിതുകളുടെയും ഗിരിവര്‍ഗ്ഗക്കാരുടെയും പൊതുവിഭാഗത്തിലെ പാവങ്ങളുടെയും തെരഞ്ഞെടുപ്പാണെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീര്‍ ലോക്‌സഭ മണ്ഡലത്തിലെ അനുപ്‌ഗഡില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'രാജ്യത്തെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്‌മയാണ്. ഇതിന് പിന്നാലെ വിലക്കയറ്റവും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ മാധ്യമങ്ങളിലേക്ക് നോക്കൂ-അവരുടെ ഏറ്റവും വലിയ വിഷയം അംബാനിയുടെ മകന്‍റെ വിവാഹമാണ്. 24 മണിക്കൂറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണ് മാധ്യമങ്ങളില്‍ കാണുന്നത്. ചിലപ്പോള്‍ അദ്ദേഹം കടലിനടിയിലേക്ക് പോകുന്നു, ചിലപ്പോള്‍ സീപ്ലെയിനില്‍ പറക്കുന്നു. ചിലപ്പോള്‍ തളിക കൊട്ടുന്നു, ചിലപ്പോള്‍ ജനങ്ങളോട് അവരുടെ ഫോണിലെ ഫ്ലാഷ് ലൈറ്റ് കാണിക്കാന്‍ ആവശ്യപ്പെടുന്നു.'- രാഹുല്‍ പറഞ്ഞു.
ജനങ്ങളുടെ ശബ്‌ദമാകേണ്ടവരാണ് മാധ്യമങ്ങള്‍. എന്നാല്‍ അവര്‍ ഒരിക്കലും ജനങ്ങളും പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നതേയില്ല. മാധ്യമസ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന ശതകോടീശ്വരന്‍മാര്‍ മാധ്യമപ്രവര്‍ത്തകരെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. രണ്ടോമൂന്നോ ശതമാനം പേര്‍ക്ക് മാധ്യമങ്ങളില്‍ തൊഴില്‍ കിട്ടുന്നു. 15-20 പേര്‍ ഇതിനെ നിയന്ത്രിക്കുന്നു. ഇവര്‍ 24 മണിക്കൂറും മോദിയെ പ്രകീര്‍ത്തിക്കുന്നു.