ന്യൂഡല്‍ഹി :കേന്ദ്രത്തില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ സ്വവര്‍ഗാനുരാഗികള്‍ ഒന്നിച്ച് ജീവിക്കാന്‍ സഹായിക്കുന്ന നിയമം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടന പത്രികയിലാണ് കോണ്‍ഗ്രസ് ഈ വാഗ്‌ദാനം മുന്നോട്ട് വച്ചിരിക്കുന്നത്. സമഗ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും ഇത് സംബന്ധിച്ച് നിയമം കൊണ്ടുവരികയെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വ്യക്തിനിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള പരിഷ്‌കാരങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഈ വിഭാഗത്തിലുള്ളവരുടെ കൂടി അനുമതിയോടും പങ്കാളിത്തത്തോടുമായിരിക്കും ഇത്തരം പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുക. പൊതു സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം ബിജെപി ശക്തമാക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്‍റെ ഈ വാഗ്‌ദാനമെന്നതും ശ്രദ്ധേയമാണ്. ഒരു വിശ്വാസം തുടരാനുള്ള സ്വാതന്ത്ര്യത്തെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നു. ഭരണഘടനയുടെ 15, 16, 25,26, 28,29,30 അനുച്ഛേദങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്ന അവകാശങ്ങളെയും തങ്ങള്‍ മാനിക്കുന്നു.
ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് അനുച്ഛേദം 15,16,29, 30 എന്നിവയിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളും മാനിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും. വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം, സേവനങ്ങള്‍, കായികം, കല, തുടങ്ങിയ മേഖലകളില്‍ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വളരാനുള്ള മുഴുവന്‍ അവസരങ്ങളും സംജാതമാക്കുമെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നു.
വിദേശത്ത് പഠിക്കാനുള്ള മൗലാന ആസാദ് സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കും. സ്‌കോളര്‍ഷിപ്പുകളുടെ എണ്ണവും വര്‍ധിപ്പിക്കും. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ ഇന്ത്യയുടെ മുഴുവന്‍ കരുത്തും തിരിച്ചറിയാനാകൂ. ബാങ്കുകള്‍ യാതൊരു വിവേചനവുമില്ലാതെ വായ്‌പ അടക്കം നല്‍കുന്നുണ്ടെന്നും ഉറപ്പ് വരുത്തും.