ധാക്ക: ഹിന്ദു നേതാവ് ചിൻമോയ് കൃഷ്‌ണ ദാസിൻ്റെ ജാമ്യാപേക്ഷയിൽ ജനുവരി രണ്ടിന് വാദം കേൾക്കും. അഭിഭാഷകൻ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് അടുത്ത മാസത്തേക്ക് നീട്ടുകയായിരുന്നു. ഈ ഒരു മാസക്കാലം ചിൻമോയ് കൃഷ്‌ണ ദാസിന് ജയിലിൽ കഴിയേണ്ടി വരും. കൂടാതെ, കൃഷ്‌ണ ദാസിൻ്റെ ജാമ്യാപേക്ഷയെ ബംഗ്ലാദേശ് സർക്കാർ ശക്തമായി എതിർത്തിരുന്നു.
ചിൻമോയ് കൃഷ്‌ണ ദാസിൻ്റെ ജാമ്യാപേക്ഷ മെട്രോപൊളിറ്റൻ കോടതി സെഷൻസ് ജഡ്‌ജി മുഹമ്മദ് സൈഫുൾ ഇസ്ലാം ആണ് പരിഗണിച്ചത്. എന്നാല്‍ ചിൻമോയിക്ക് വേണ്ടി ഒരു അഭിഭാഷകനും ഹാജരായില്ല. തുടര്‍ന്നാണ് കേസില്‍ വാദം കേള്‍ക്കൽ ജനുവരി രണ്ടിലേക്ക് മാറ്റിയത്. കലാപത്തിൻ്റെ പശ്ചാത്തലത്തില്‍ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനായി ചട്ടോഗ്രാം കോടതി പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വിവിധ സേനകളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും കോടതി പരിസരത്ത് സജ്ജമാക്കിയിരുന്നു.
ചിൻമോയ് കൃഷ്‌ണ ദാസിന് വേണ്ടി വാദിച്ചിരുന്ന അഭിഭാഷകനെ പ്രതിഷേധക്കാൻ ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കൃഷ്‌ണ ദാസിൻ്റെ അറസ്റ്റില്‍ കോടതിയെ സമീപിച്ച അഭിഭാഷകൻ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിൻ്റെ അറസ്റ്റില്‍ രാജ്യത്തുടനീളം ആക്രമണങ്ങളും പ്രതിഷേധവും നടക്കുന്നുണ്ട്. ദാസിനൊപ്പം മറ്റ് 18 പേർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.
അറസ്റ്റിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നവംബർ 22 ന് രംഗ്‌പൂരിൽ നടന്ന റാലിയിൽ ഹിന്ദു സമൂഹത്തിന് നേരെയുള്ള അക്രമങ്ങളെ അപലപിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടി വാദിച്ചിരുന്ന അദ്ദേഹത്തെ മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.