ഹൈദരാബാദ്: അമ്മ സമ്പാദിച്ച സ്വത്തിൽ മക്കൾക്ക് അവകാശമില്ലെന്ന് തെലങ്കാന ഹൈക്കോടതി. ജസ്റ്റിസ് മൗസമി ഭട്ടാചാര്യ, ജസ്റ്റിസ് എംജി പ്രിയദർശിനി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സുപ്രധാനമായ വിധി പ്രസ്‌താവിച്ചത്.
ബജ്റംഗ്‌ലാൽ അഗർവാൾ എന്ന ആള്‍ നൽകിയ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. തന്‍റെ അമ്മ സുശീൽ അഗർവാൾ മൂത്തമകനനുകൂലമായി നടപ്പാക്കിയ ഗിഫ്റ്റ് സെറ്റിൽമെന്‍റ് ഡീഡ് ശരിവയ്ക്കാനുള്ള സിവിൽ കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്‌തായിരുന്നു ബജ്റംഗ്‌ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്.
സുശീൽ അഗർവാളിന്‍റെ ഭർത്താവ് 1988-ൽ ഹൈദരാബാദിലെ ജൂബിലി ഹിൽസ് ഏരിയയിലെ ഒരു വീടിൻ്റെ മൂന്നിലൊന്ന് ഷെയർ അവരുടെ പേരിൽ വാങ്ങിയതാണ് കേസ്. അദ്ദേഹത്തിന്‍റെ മരണത്തെത്തുടർന്ന്, സുശീൽ അഗർവാൾ ആദ്യം തന്‍റെ മൂന്ന് ആൺമക്കൾക്ക് സ്വത്ത് തുല്യമായി പങ്കിടുന്ന വിൽപത്രം തയ്യാറാക്കി. എന്നിരുന്നാലും, അവൾ പിന്നീട് ഈ വിൽപത്രം അസാധുവാക്കുകയും ഒരു ഗിഫ്റ്റ് സെറ്റിൽമെൻ്റ് ഡീഡ് നടത്തുകയും സ്വത്തിന്‍റെ വിഹിതം മൂത്ത മകന് കൈമാറുകയും ചെയ്‌തു.