ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി സിഎഎ നടപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 14 അപേക്ഷകര്‍ക്ക് സിഎഎ പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്‌തത്.
വിതരണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവാണ് വാര്‍ത്തക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. അപേക്ഷകരെ ആഭ്യന്തര സെക്രട്ടറി അഭിനന്ദിച്ചതായും ഐബി ഡയറക്‌ടർ, രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ സെഷനിൽ പങ്കെടുത്തതായും വക്താവ് പറഞ്ഞു.
മതത്തെ ചൊല്ലിയുള്ള പീഡനത്തിന്‍റെ പേരിലോ പീഡന ഭയത്താലോ 31.12.2014 വരെ ഇന്ത്യയിലേക്ക് വന്ന പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്‌ത്യൻ സമുദായങ്ങളിൽപ്പെട്ടവരിൽ നിന്ന് 'ഈ നിയമത്തിന്‍റെ കീഴില്‍ അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. 2019 ഡിസംബറിൽ സിഎഎ പാസാക്കിയെങ്കിലും കഴിഞ്ഞ മാര്‍ച്ചിലാണ് ചട്ടങ്ങള്‍ രൂപീകരിച്ചത്.