ന്യൂഡൽഹി :യൂക്കോ ബാങ്കിലെ 820 കോടി രൂപയുടെ ഐഎംപിഎസ് തട്ടിപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും 7 നഗരങ്ങളിലെ 67 സ്ഥലങ്ങളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) റെയ്‌ഡ് നടത്തി.
ജോധ്പൂർ, ജയ്‌പൂർ, ജലോർ, നാഗൗർ, ബാർമർ, ഫലോഡി, മഹാരാഷ്ട്രയിലെ പൂനെ എന്നീ സ്ഥലങ്ങളിലുൾപ്പെടെയാണ് മാർച്ച് 6 ന് സിബിഐ റെയ്‌ഡ് നടത്തിയത്. യൂക്കോ ബാങ്കും ഐഡിഎഫ്‌സിയുമായി ബന്ധപ്പെട്ട 130 ഓളം കുറ്റകരമായ രേഖകളും 40 മൊബൈൽ ഫോണുകൾ, 2 ഹാർഡ് ഡിസ്‌കുകൾ, 1 ഇന്‍റര്‍നെറ്റ് ഡോംഗിൾ എന്നിവയുൾപ്പെടെ 43 ഡിജിറ്റൽ ഉപകരണങ്ങളും റെയ്‌ഡില്‍ പിടിച്ചെടുത്തു. സംശയം തോന്നിയ 30 പേരെ സ്ഥലത്ത് നിന്നും കണ്ടെത്തി പരിശോധിച്ചതായും സിബിഐ അറിയിച്ചു.
കഴിഞ്ഞ വർഷം നവംബർ 21 ന് ആണ് യൂക്കോ ബാങ്കിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ കേസെടുത്തത്. 2023 നവംബർ 10 മുതൽ 13 വരെ, 7 സ്വകാര്യ ബാങ്കുകളിലെ 14,600 അക്കൗണ്ട് ഉടമകള്‍ നടത്തിയ ഐഎംപിഎസ് ഇടപാട് നാല്‍പത്തിയൊന്നായിരത്തിലധികം യൂക്കോ ബാങ്ക് അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടുകളിൽ തെറ്റായി നിക്ഷേപിക്കപ്പെട്ടു എന്നാണ് പരാതി.
ബാങ്കുകളിൽ നിന്ന് ഡെബിറ്റ് ചെയ്യാതെ തന്നെ 820 കോടി രൂപ യൂക്കോ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെട്ടു.സാഹചര്യം മുതലെടുത്ത് നിരവധി അക്കൗണ്ട് ഉടമകൾ വിവിധ ബാങ്കിംഗ് ചാനലുകൾ വഴി പണം പിൻവലിച്ചതായും സിബിഐ പറയുന്നു.
2023 ഡിസംബറിൽ കൊൽക്കത്തയിലും മംഗലാപുരത്തും യൂക്കോ ബാങ്ക് ഉദ്യോഗസ്ഥര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരുപ്പെട്ട 13 സ്ഥലങ്ങളിൽ സിബിഐ തിരച്ചിൽ നടത്തിയിരുന്നു.ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ റെയ്‌ഡ്.
പരിശോധയ്ക്ക് സായുധ സേനയടക്കം 120 രാജസ്ഥാൻ പൊലീസുകാരെ വിന്യസിച്ചിരുന്നു. 130 സിബിഐ ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളിൽ നിന്നുള്ള 80 സാക്ഷികളും ഉൾപ്പെടെ 40 ടീമുകൾ അടങ്ങുന്ന 210 ഉദ്യോഗസ്ഥരും റെയ്‌ഡില്‍ പങ്കെടുത്തു.