ചണ്ഡിഗഢ്: ഭര്‍ത്താവിന് അനുകൂലമായി കുടുംബകോടതി അനുവദിച്ച വിവാഹമോചനത്തിന് ചണ്ഡിഗണ്ഡ് -പഞ്ചാബ് ഹൈക്കോടതിയുടെ അംഗീകാരം. ഭര്‍ത്താവിനെ 'ഹിജഡ' എന്ന് വിളിക്കുന്നത് മാനസിക ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ജൂലൈയില്‍ കുടുംബ കോടതി ഭര്‍ത്താവിന് അനുകൂലമായി നല്‍കിയ വിവാഹമോചന ഉത്തരവിനെ ചോദ്യം ചെയ്‌ത് ഹൈക്കോടതിയില്‍ ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ജസ്റ്റിസുമാരായ സുധീര്‍ സിങ്, ജസ്‌ജിത് സിങ് ബേഡി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നടപടി. ഭാര്യയുടെ നടപടി ക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു. അമ്മയെ ഹിജഡയ്‌ക്ക് ജന്മം നല്‍കിയ സ്‌ത്രീയെന്നും ഭാര്യ അധിക്ഷേപിച്ചുവെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞിരുന്നു. ഇതും ക്രൂരതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരുവരും പിരിഞ്ഞാണ് കഴിയുന്നത്. അത് കൊണ്ട് തന്നെ ഈ വൈവാഹിക ബന്ധം വിളക്കിച്ചേര്‍ക്കാനാകാത്ത വിധം മുറിഞ്ഞ് പോയെന്ന് വേണം കരുതാനെന്നും കോടതി പറഞ്ഞു. 2017 ഡിസംബറിലാണ് ഇവര്‍ വിവാഹിതരായത്. ഭര്‍ത്താവാണ് വിവാഹമോചന നടപടികള്‍ ആരംഭിച്ചത്.
ഭാര്യ വൈകിയേ ഉണരാറുള്ളൂ. ഉച്ചഭക്ഷണവും മറ്റും മുകള്‍ നിലയിലുള്ള മുറിയിലെത്തിക്കാന്‍ തന്‍റെ അമ്മയോട് ആവശ്യപ്പെടും. ദിവസം നാലഞ്ച് തവണ പല ആവശ്യങ്ങളുന്നയിച്ച് തന്‍റെ അമ്മയെ മുകളിലെ മുറിയിലേക്ക് വിളിപ്പിക്കുമായിരുന്നുവെന്നും ഭര്‍ത്താവ് ആരോപിക്കുന്നു. അമ്മ വാതരോഗിയാണെന്ന കാര്യം പരിഗണിക്കാതെയാണിത്.