ന്യൂഡല്‍ഹി :18 നും 23 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ വനിതകൾക്ക് ഒരു ദിവസത്തേക്ക് യുണൈറ്റഡ് കിങ്ഡത്തിലെ മികച്ച നയതന്ത്രജ്ഞ ആകാന്‍ അവസരം നൽകി ബ്രിട്ടീഷ് ഹൈക്കമ്മിഷൻ. അന്താരാഷ്‌ട്ര ബാലിക ദിനത്തോടനുബന്ധിച്ചാണ് 'ഹൈകമ്മിഷണർ ഫോർ എ ഡേ' മത്സരം യുകെ സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പ്രതിഭാധനരായ യുവതികളെ ആഗോള വേദിയില്‍ ശക്തിയും നേതൃശേഷിയും പ്രകടിപ്പിക്കാൻ ക്ഷണിക്കുന്നതായി ബ്രിട്ടീഷ് ഹൈക്കമ്മിഷൻ അറിയിച്ചു.
മത്സരത്തില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര്‍, 'ഭാവി തലമുയ്ക്ക് പ്രയോജനം ചെയ്യുന്ന രൂപത്തില്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് യുകെയും ഇന്ത്യയും എങ്ങനെ സഹകരിക്കും' എന്ന വിഷയത്തില്‍ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സമർപ്പിക്കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ പ്രസ്‌താവനയില്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നവർ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അല്ലെങ്കിൽ ലിങ്ക്ഡ്ഇൻ എന്നിവയിൽ '@UKinIndia' എന്ന് ടാഗ് ചെയ്യുകയും '#DayOfTheGirl' എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുകയും ചെയ്യണമെന്ന് പ്രസ്‌താവനയില്‍ പറയുന്നു.
വീഡിയോ സമർപ്പിക്കാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 4 ആണ്. കൂടാതെ അപേക്ഷകർ ഒരു ഓൺലൈൻ ഫോമും പൂരിപ്പിക്കണം. ബ്രിട്ടീഷ് ഹൈക്കമ്മിഷനിലെ (BHC) ജൂറി വിജയിയെ തെരഞ്ഞെടുത്ത ശേഷം, @UKinIndia സോഷ്യൽ മീഡിയ ചാനലുകളിലൂടെ പ്രഖ്യാപിക്കും. ഒരാളില്‍ നിന്ന് ഒരു എൻട്രി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഒരേ വ്യക്തിയിൽ നിന്ന് ഒന്നിലധികം എൻട്രികൾ വന്നാല്‍ അയോഗ്യരാക്കും. മത്സരത്തില്‍ ഹൈക്കമ്മിഷന്‍റെ തീരുമാനം അന്തിമമായിരിക്കുമെന്നും ഹൈക്കമ്മിഷന്‍ വ്യക്തമാക്കി.