ജല്‍പായ്‌ഗുഡി : ഭക്ഷണശാല ജീവനക്കാരന്‍റെ ക്രൂരമര്‍ദനത്തിന് ഇരയായി ബാലന്‍. ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയ ശേഷം വേണ്ടെന്ന് പറഞ്ഞതാണ് ജീവനക്കാരനെ പ്രകോപിപ്പിച്ചത്. പശ്ചിമബംഗാളിലെ കദംതാല മേഖലയിലെ ജല്‍പായ്‌ഗുഡിയിലാണ് സംഭവം (Biryani restaurant employee beats minor).
പോക്കറ്റില്‍ പണമുണ്ടെന്ന് കരുതിയാണ് ബാലന്‍ ബിരിയാണിക്ക് ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ പിന്നീട് പരിശോധിച്ചപ്പോഴാണ് തന്‍റെ പക്കല്‍ പണമില്ലെന്ന് മനസിലായത്. തുടര്‍ന്ന് ഭക്ഷണമെത്തിയപ്പോള്‍ വേണ്ടെന്ന് പറയുകയായിരുന്നു. ഇതോടെ പ്രകോപിതനായ ജീവനക്കാരന്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്‍റെ നിരവധി പാടുകളുണ്ട്.
സംഭവം കണ്ട നാട്ടുകാര്‍ ഇടപെട്ടാണ് കുട്ടിയെ രക്ഷിച്ചത്. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കോട്‌വാലി സിഐ അര്‍ഘ്യ സര്‍ക്കാര്‍ പറഞ്ഞു.
ഭക്ഷണശാലയ്ക്ക് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് കുട്ടിയെ മര്‍ദിക്കുന്നത് കണ്ടതെന്ന് ദൃക്‌സാക്ഷികളായ രോഹിത് മണ്ഡലും മധുമിത ദാസും വ്യക്തമാക്കി. അയാളെ തടയാന്‍ ശ്രമിച്ചെങ്കിലും അയാള്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു. കുട്ടി കഴിച്ചില്ലെങ്കില്‍ ഭക്ഷണശാലയ്ക്ക് എന്ത് നഷ്‌ടമുണ്ടാകാനാണെന്നും ഇവര്‍ ചോദിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നോയെന്ന സംശയവും ഇവര്‍ പ്രകടിപ്പിച്ചു.
സംഭവം തികച്ചും നിര്‍ഭാഗ്യകരമായിപ്പോയെന്ന് കടയുടമ പ്രതികരിച്ചു. താനിവിടെ ഇല്ലാതിരുന്നപ്പോഴാണ് സംഭവമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് ജീവനക്കാരന്‍ മദ്യപിച്ച സ്ഥിതിയിലായിരുന്നു. അതിനാല്‍ അവധിയെടുത്തോളാന്‍ അയാളോട് പറഞ്ഞതാണ്. എന്നാല്‍ താന്‍ പോയ ശേഷം തിരിച്ചുവന്നാണ് അയാള്‍ കുട്ടിയോട് ഇങ്ങനെ പെരുമാറിയതെന്നും കടയുടമ പറഞ്ഞു.
Also Read: 'ബിരിയാണി ഇഷ്‌ടമായല്ലോ അല്ലേ?, ഇനി തിരികെ വിട്ടോ..'; പാകിസ്ഥാനെ ട്രോളി വിരേന്ദര്‍ സെവാഗ്
പിന്നീട് കടയിലുണ്ടായിരുന്ന മറ്റുള്ളവരാണ് തന്നോട് ഇതേക്കുറിച്ച് പറഞ്ഞത്. ഇക്കാര്യം ക്ഷമിക്കാനാകില്ല. അയാളെ ഇനി കടയില്‍ തുടരാന്‍ അനുവദിക്കില്ല. അയാള്‍ക്ക് പകരം മറ്റൊരാളെ കണ്ടെത്തുമെന്നും കടയുടമ വ്യക്തമാക്കി. ദീര്‍ഘകാലമായി ഈ കട താന്‍ നടത്തി വരികയാണ്. എന്നാല്‍ ഇതുവരെ ഒരു പരാതിയും ഉണ്ടായിട്ടില്ല. ഈ സംഭവം ഞെട്ടിച്ചെന്നും കടയുടമ പറഞ്ഞു.