ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് ഡല്‍ഹിയില്‍ തുടക്കം. 11,500 പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന ദേശീയ കൗണ്‍സില്‍ ബിജെപിയുടെ സമീപകാലത്തെ ഏറ്റവും വലിയ സംഘടന യോഗമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണവും കേഡര്‍ ശാക്തീകരണവുമാണ് യോഗത്തിന്‍റെ മുഖ്യ അജണ്ട (2024 Lok sabha election).
ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ(JP Nadda) യോഗം ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ ഇന്ന് ഉച്ചക്ക് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നാളെ (18.02.24) യോഗത്തെ അഭിസംബോധന ചെയ്യും. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 370 സീറ്റ് എന്ന ബിജെപി ലക്ഷ്യം അംഗങ്ങളെ ഉദ്ബോധിപ്പിക്കും വിധമാകും മോദിയുടെ പ്രസംഗം.
ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന യോഗത്തിൽ രാജ്യത്തുടനീളമുള്ള മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ബിജെപി സംസ്ഥാന യൂണിറ്റ് പ്രസിഡന്‍റുമാർ, സംഘടനാ നേതാക്കൾ എന്നിവരും പങ്കെടുക്കും. പാര്‍ട്ടിയുടെ ജില്ലാ ഭാരവാഹികളും മോര്‍ച്ച പ്രതിനിധികളും യോഗത്തിലുണ്ടാകും. 2014, 2019 ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ ദേശീയ കൗണ്‍സിലുകളില്‍ മൂവായിരത്തോളം പ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.