ശ്രീനഗർ (ജമ്മു കശ്‌മീർ) :ഭീകരാക്രമണത്തില്‍ പഞ്ചാബ് അമൃത്സര്‍ സ്വദേശികളായ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ വ്യാഴാഴ്‌ച (08-02-2024) ശ്രീനഗറിലെ ലാൽ ചൗക്കിലേക്ക് മെഴുകുതിരി മാർച്ച് നടത്തി (BJP Workers, Locals Take Out Candlelight March In Srinagar). ബുധനാഴ്‌ച (07-02-2024) വൈകിട്ട് ശ്രീനഗറിലെ ഷഹീദ് ഗുഞ്ച് മേഖലയിൽ ഭീകരർ നടത്തിയ വെടിവയ്‌പ്പിലാണ് രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടത് (Killing Of Civilians In Terror Attack). അമൃത്‌പാല്‍ സിങ്, രോഹിത് എന്നിവരാണ് ഭീകരാക്രമണത്തില്‍ മരിച്ചത്.
അമൃത്‌പാൽ സിങ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രോഹിത്തിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാൽ, വ്യാഴാഴ്‌ച ആശുപത്രിയിൽ വച്ച് അദ്ദേഹവും മരണത്തിന് കീഴടങ്ങി.
"ജമ്മു കശ്‌മീരിൽ സമാധാനം പുനഃസ്ഥാപിക്കുന്നത് ഭീകരർക്ക് ദഹിക്കുന്നില്ല. ഇവിടെയുള്ള പ്രദേശവാസികൾ സാഹോദര്യത്തില്‍ ജീവിക്കുന്നത് അവര്‍ക്ക് ഉൾക്കൊള്ളാനും കഴിയുന്നില്ല. ജമ്മു കശ്‌മീരിന് കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്ന വസ്‌തുതയുമായി പൊരുത്തപ്പെടാൻ അവർ പാടുപെടുകയാണ്" എന്നും, പ്രതിഷേധക്കാർക്കൊപ്പം മെഴുകുതിരികൾ പിടിച്ച് മാർച്ച് ചെയ്‌ത ഒരു ബിജെപി പ്രവർത്തകൻ മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീനഗറിൽ ബുധനാഴ്‌ച നടന്ന ഭീകരാക്രമണത്തില്‍ ജമ്മു കശ്‌മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ അപലപിച്ചു. "ശ്രീനഗറിൽ അമൃത്പാലിനും അമൃത്‌സറിൽ നിന്നുള്ള രോഹിതിനും നേരെയുണ്ടായ ഹീനമായ ഭീകരാക്രമണത്തിൽ ഞാൻ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. നിരപരാധികളുടെ ജീവൻ കവർന്നെടുത്ത ഈ ക്രൂരമായ പ്രവൃത്തിയെ ഞാൻ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു, മരണപ്പെട്ടവരുടെ കുടുംബത്തിന് ഞാൻ എൻ്റെ അനുശോചനം അറിയിക്കുന്നു" എന്നും ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ എക്‌സില്‍ കുറിച്ചു.