അയോധ്യ (ഉത്തർപ്രദേശ്):ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം കൊയ്യുമെന്ന് അയോധ്യയിലെ സിറ്റിങ് എംപിയും ബിജെപി സ്ഥാനാർഥിയുമായ ലല്ലു സിങ്. നരേന്ദ്ര മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കാനാണ് വോട്ടര്‍മാരുടെ ശ്രമമെന്നും വികസിത ഭാരതത്തിനായാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ലല്ലു സിങ്.
അയോധ്യയുടെ വികസനത്തിനും കൂടിയാണ് ജനങ്ങള്‍ പ്രധാനമന്ത്രിയെ പിന്തുണക്കുന്നത്. അയോധ്യയുടെ വികസനത്തിനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമായി അയോധ്യ മാറുമെന്നും ലല്ലു സിങ് പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം സാധാരണക്കാരുടെ ക്ഷേമത്തിനായി ചിന്തിച്ച ഒരേയൊരു വ്യക്തി പ്രധാനമന്ത്രി മോദിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പകരമായി പ്രധാനമന്ത്രിക്ക് ജനങ്ങളിൽ നിന്ന് വലിയ സ്‌നേഹവും ലഭിച്ചിട്ടുണ്ട്.
അതേസമയം കനത്ത സുരക്ഷ ക്രമീകരണങ്ങളൊരുക്കിയാണ് അഞ്ചാംഘട്ട വോട്ടെടുപ്പിന് ഇന്ന് (മെയ് 20) തുടക്കമായത്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് വോട്ടടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അവസാന സമയം വരെ ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ടുചെയ്യാൻ അനുമതിയുണ്ട്.