ഗർഹ്വ : കടം വാങ്ങിയ തുക തിരിച്ചു നല്‍കാമെന്ന വ്യാജേന യുവതിയെ പട്‌നയിൽ നിന്നും ഝാർഖണ്ഡിലെ ഗർഹ്വയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തതായി പരാതി. പ്രതികൾ തന്നെ കൊല്ലാൻ ശ്രമിച്ചെന്നും എന്നാല്‍ രക്ഷപ്പെട്ടോടിയതാണെന്നും യുവതി പരാതിയില്‍ പറഞ്ഞു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. യുവതി ഗർഹ്വയിലെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയാണ്.
കേസിലെ പ്രതിയായ ഹറുദ്ദീൻ അൻസാരിക്കൊപ്പമാണ് പരാതിക്കാരിയുടെ ഭർത്താവ് ഗുജറാത്തിലെ ഫാക്‌ടറിയിൽ ജോലി ചെയ്യുന്നത്. നാട്ടിലേക്ക് പോകുന്ന അൻസാരിക്ക് യുവതിയുടെ ഭർത്താവ് 45,000 രൂപ വായ്‌പ നൽകിയിരുന്നു. തുക മടക്കി നല്‍കാനായി ഗർഹ്വായിലെ ബൻഷിധർ നഗറിലേക്ക് വരാൻ പ്രതി യുവതിയോട് ആവശ്യപ്പെട്ടു.
ബൻഷിധർ നഗറിലെത്തിയ യുവതിയോട് പണം വീട്ടിൽ വച്ചിരിക്കുകയാണെന്നു പറഞ്ഞ് പ്രതി യുവതിയെയും കൂട്ടി വീട്ടിലേക്ക് പോയി. വീട്ടിലേക്കുള്ള യാത്രാമധ്യേ ബെൽപഹാരി പ്രദേശത്ത് വെച്ച് പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. പ്രതി തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും എങ്ങനെയോ രക്ഷപ്പെട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു.
യുവതി വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്. യുവതിയുടെ മൊഴി ആശുപത്രിയിൽ വെച്ച് തന്നെ രേഖപ്പെടുത്തുകയും ഉടൻ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊര്‍ജിതമാക്കിയെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Also Read :സ്‌പാനിഷ് വനിതയെ പീഡിപ്പിച്ചവര്‍ അറസ്‌റ്റില്‍; അതിജീവിതയ്ക്ക് പിന്തുണ നല്‍കിയതിന് നന്ദി പറഞ്ഞ് സ്‌പാനിഷ് നയതന്ത്രകാര്യാലയം