ബെംഗളൂരു : കർണാടകയിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരം കേസെടുത്തു (Bengaluru Rameshwaram Cafe Blast). അതേസമയം കേന്ദ്രമന്ത്രി പ്രലാദ് ജോഷി കർണാടക ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് ബിജെപി നേതാവ് വിജയേന്ദ്ര യെദ്യൂരപ്പ എന്നിവര്‍, സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദർശിച്ചു. കേന്ദ്രമന്ത്രി പ്രലാദ് ജോഷി സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ച് ആശങ്ക രേഖപ്പെടുത്തുകയും സംഭവത്തെ അപലപിക്കുകയും ചെയ്‌തു.
അന്വേഷണം എൻഐഎയ്ക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ കർണാടക സർക്കാരിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു. വിധാന്‍ സൗധയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവം നേരത്തെ സംസ്ഥാന സർക്കാർ ഗൗരവമായി എടുത്തിരുന്നുവെങ്കിൽ സ്‌ഫോടനം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്‌ച ഉച്ചയോടെയാണ് വൈറ്റ് ഫീൽഡിലെ രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്നത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കഫേയിൽ എത്തിയ യുവാവ് ബാഗ് ഉപേക്ഷിച്ചുപോയതായി കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പിനായി പൊലീസ് സ്‌നിഫർ ഡോഗ് ടീമും ഫൊറൻസിക് വിദഗ്‌ധരും അന്വേഷണ സംഘവും ഇന്നലെ സ്ഥലത്തെത്തിയിരുന്നു.
സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ബാറ്ററിയും ചെറിയ നട്ടും ബോൾട്ടും കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫൊറൻസിക് വിദഗ്‌ധർ അന്വേഷണം നടത്തിവരികയാണ്. വൈറ്റ്ഫീൽഡ് ഏരിയയിലെ സ്ഫോടനം നടന്ന സ്ഥലം ദേശീയ അന്വേഷണ ഏജൻസി സംഘവും സന്ദർശിച്ചു.