ന്യൂഡല്‍ഹി :9-10 ക്ലാസുകളിൽ ബേസിക് മാത്തമാറ്റിക്‌സ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് പ്ലസ്‌ടു തലത്തില്‍ മാത്തമാറ്റിക്‌സ് എടുക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). ബേസിക് മാത്തമാറ്റിക്‌സ് പഠിച്ച വിദ്യാര്‍ഥികള്‍ക്കും ഇനി പ്ലസ് ടു തലത്തിൽ സ്‌റ്റാൻഡേർഡ് മാത്തമാറ്റിക്‌സ് തെരഞ്ഞെടുക്കാം. ഇത് സംബന്ധിച്ച് സിബിഎസ്ഇ വിജ്ഞാപനം പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ വിദഗ്‌ധൻ ദേവ് ശർമ്മ പറഞ്ഞു.
നിലവിലുള്ള സിബിഎസ്ഇ നിയമം അനുസരിച്ച്, ബേസിക് മാത്തമാറ്റിക്‌സില്‍ പത്താം ക്ലാസ് വിജയിച്ച വിദ്യാർഥികൾക്ക് 11-ാം ക്ലാസിൽ സ്‌റ്റാൻഡേർഡ് മാത്തമാറ്റിക്‌സ് തെരഞ്ഞെടുക്കാൻ അർഹതയില്ല. ഈ വിദ്യാർഥികൾക്ക് പ്ലസ് 2 തലത്തിൽ അപ്ലൈഡ് മാത്തമാറ്റിക്‌സ് തെരഞ്ഞെടുക്കാം. 9-10 ക്ലാസുകളിൽ സ്‌റ്റാൻഡേർഡ് മാത്തമാറ്റിക്‌സ് പഠിച്ചവർക്ക് മാത്രമേ 11-12 ക്ലാസിൽ സ്‌റ്റാൻഡേർഡ് മാത്തമാറ്റിക്‌സ് പഠിക്കാൻ കഴിയുമായിരുന്നുള്ളൂ.
2024-25 അക്കാദമിക വര്‍ഷം മുതൽ ബേസിക് മാത്തമാറ്റിക്‌സിലും സ്‌റ്റാൻഡേർഡ് മാത്തമാറ്റിക്‌സിലുമുള്ള വിദ്യാർഥികൾക്ക് സ്‌റ്റാൻഡേർഡ് മാത്തമാറ്റിക്‌സ് തെരഞ്ഞെടുക്കാനാകും.