ന്യൂഡല്‍ഹി:ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആം ആദ്‌മി പാര്‍ട്ടി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്‌തതോടെ പലയിടത്തും പല നിര്‍മ്മിതികളും തകര്‍ന്നു വീഴുന്നതായി പാര്‍ട്ടി എംപി സഞ്ജയ് സിങ് കുറ്റപ്പെടുത്തി. തങ്ങളുടെ സര്‍ക്കാര്‍ നടത്തിയ പുരോഗമന പ്രവര്‍ത്തനങ്ങളുടെ ഉത്തുംഗ മാതൃകയായി ബിജെപി സര്‍ക്കാര്‍ എടുത്ത് കാട്ടുന്ന അയോധ്യയ്ക്ക് ഒരു മഴയില്‍ പോലും പിടിച്ച് നില്‍ക്കാനായില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ആദ്യ മഴയില്‍ തന്നെ അയോധ്യയിലെ രാമക്ഷേത്രം ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. ഗര്‍ഭഗൃഹത്തിനുള്ളില്‍ പോലും വെള്ളം കയറി. ഇത് ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ പോലും അതൃപ്‌തിയ്ക്കിടയാക്കിയെന്ന് സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി.
അടല്‍ സേതു പാലത്തിന്‍റെ അവസ്ഥ നാം കണ്ടതാണ്. ജബല്‍പൂര്‍ ടെര്‍മിനല്‍ തകര്‍ന്നു. ബുന്ദേല്‍ഖണ്ഡ് അതിവേഗ പാത നശിച്ചു. ആദ്യ മഴയില്‍ തന്നെ അയോധ്യ വെള്ളത്തിനടിയിലായി. ഡല്‍ഹി വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണിരിക്കുന്നു. ഈ സംഭവങ്ങളെല്ലാം രാജ്യത്തെ ലജ്ജിപ്പിക്കുന്നതാണ്. ഇത് പ്രധാനമന്ത്രി മാര്‍ച്ച് 10 നാണ് ഉദ്ഘാടനം ചെയ്‌തത്. അഴിമതിയുടെ കൂത്തരങ്ങളായി നമ്മുടെ നിര്‍മ്മാണ മേഖല മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന്‍റെ ഉദാഹരണങ്ങളാണ് ഇതെന്നും മോദി പറഞ്ഞു.
ഡല്‍ഹിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ആം ആദ്‌മി സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണത്തെക്കാള്‍ കാര്യങ്ങള്‍ മെച്ചമാണെന്ന് വെള്ളക്കെട്ടിനെക്കുറിച്ച് മേയര്‍ ഷെല്ലി ഒബ്റോയ് പ്രതികരിച്ചു. ഇത് മഴക്കാലത്തെ ആദ്യ മഴയാണ്. ഇന്ന് തന്നെ എല്ലാ സാധ്യതകളും പരിശോധിച്ച് നടപടികളുറപ്പാക്കും. എല്ലാ വകുപ്പും, ഉദ്യോഗസ്ഥരും ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹി ജനതയ്ക്ക് ഇനി ഇത്തരമൊരു സ്ഥിതി നേരിടേണ്ടി വരില്ലെന്നും ഷെല്ലി പറഞ്ഞു.