അൽവാർ (രാജസ്ഥാൻ): രാജസ്ഥാനില്‍ വിവാഹാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ 10 പേർക്ക് പരിക്ക്. അൽവാർ ജില്ലയിലെ നൗഗവൻ തഹസിലിലെ വിവാഹ ഘോഷയാത്രക്കിടെ നടത്തിയ ഡിജെയുമായി ബന്ധപ്പെട്ടാണ് സംഘഷമുണ്ടായത്. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികൾ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു.
സംഘർഷത്തിനിടെ ഒരു സംഘം ആളുകൾ കല്ലും വടിയും ഉപയോഗിച്ച് വിവാഹ ഘോഷയാത്രയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ വിവരം ലഭിച്ചയുടൻ പൊലീസും ക്യുആർടിയും സ്ഥലത്തെത്തി സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാക്കി.
സംഭവത്തിൽ നാല് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വരൻ്റെ മുത്തച്‌ഛൻ രാംദാസ് പരാതി നൽകിയാതായി നൗഗവൻ പൊലീസ് സ്‌റ്റേഷൻ ഓഫിസർ ഭൂപേന്ദ്ര സിങ് പറഞ്ഞു. കല്ലും വടിയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പത്തോളം പേർക്ക് പരിക്കേറ്റതായും പൊലീസ് ഓഫിസർ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Also Read: ഗള്‍ഫില്‍ നിന്ന് ലീവിന് നാട്ടിലെത്തിയ യുവതിയുടെ വീട്ടില്‍ കയറി ആക്രമണം ; ആലപ്പുഴയില്‍ 5 പേര്‍ക്ക് വെട്ടേറ്റു