ന്യൂഡൽഹി: റെയിൽവേ സുരക്ഷയെക്കുറിച്ചും യാത്ര സൗകര്യങ്ങളെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർ, ജനറൽ മാനേജർമാർ, ഡിവിഷണൽ റെയിൽവേ മാനേജർമാർ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. പശ്ചിമ ബംഗാളിലെ രംഗപാണിയിൽ കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച സംഭവത്തിൽ പിന്നാലെയാണ് യോഗം.
യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും സുരക്ഷയെക്കുറിച്ചുമാണ് യോഗത്തിൽ മന്ത്രി പറഞ്ഞതെന്ന് റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷ ഉപകരണങ്ങളുടെ ഇൻസ്റ്റാളേഷൻ രീതികൾ, പരിപാലന രീതികൾ എന്നിവ അവലോകനം ചെയ്യാൻ യോഗത്തിൽ തീരുമാനമായി. കൂടാതെ ഐആർസിടിസി വഴി ലഭ്യമാവുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ 1,000 സ്ഥലങ്ങളിൽ ഐആർസിടിസി കിച്ചണുകൾ നവീകരിക്കാൻ തീരുമാനമായി. ഇത് ആറു മാസത്തിനകം പൂർത്തിയാക്കും.