ന്യൂഡല്‍ഹി: രാജ്യസുരക്ഷയടക്കം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌ത് സൈനിക കമാന്‍ഡര്‍മാരുടെ സമ്മേളനം സമാപിച്ചു. നിലവില്‍ സൈനിക മേഖലയില്‍ നടക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ചും സമ്മേളനം ചര്‍ച്ച നടത്തി. സൈന്യത്തിന്‍റെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ നടത്താനും സാങ്കേതികത ഉപയോഗിക്കാനുമുള്ള ചര്‍ച്ചകളും നടന്നു. ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന സുരക്ഷ, മനുഷ്യവിഭവ ശേഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ചര്‍ച്ചയുണ്ടായി.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സമ്മേളനം ഹൈബ്രിഡ് ഫോര്‍മാറ്റിലാണ് ഇക്കുറി സംഘടിപ്പിച്ചത്. കഴിഞ്ഞ മാസം 28ന് നടന്ന വിര്‍ച്വല്‍ സെഷനില്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ മനോജ് പാണ്ഡെ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഈമാസം ഒന്ന്, രണ്ട് തീയതികളില്‍ വ്യക്തിഗത ചര്‍ച്ചകളും നടന്നു.
ദേശ സുരക്ഷയില്‍ നമ്മുടെ സൈന്യം പുലര്‍ത്തുന്ന പങ്കില്‍ രാജ്യത്തിന് നല്ല വിശ്വാസമുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഊന്നിപ്പറഞ്ഞു. അതിര്‍ത്തി കാക്കുന്നതിലും ഭീകരതയ്‌ക്കെതിരെ പോരാടുന്നതിലും, പ്രതിസന്ധികളില്‍ ഭരണകൂടത്തെ സഹായിക്കുന്നതിലും സൈന്യം വഹിക്കുന്ന നിസ്‌തുല പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. സുരക്ഷയിലുണ്ടായ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഭാവിയുടെ വെല്ലുവിളികളെ നേരിടാനുതകും വിധം സൈനിക നേതൃത്വം നടത്തുന്ന തങ്ങളുടെ താത്വിക, ഘടനാ-സംഘടനാ പരിഷ്‌കാരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.