ഭുവനേശ്വര്‍: ദന ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചയാണ് നടക്കുന്നത്. ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി തീരത്തേക്ക് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരം പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) .
ന്യൂനമര്‍ദം ചൊവ്വാഴ്ച രാവിലെ മുതല്‍ ഏറെ ശക്തിയോടെ കിഴക്കൻ തീരത്തേക്ക് നീങ്ങുന്നതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. പുലർച്ചെ 5:30 ന് ഒഡിഷയിലെ പാരദീപിൽ നിന്ന് 730 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഒക്‌ടോബര്‍ 23-ഓടെ ചുഴലിക്കാറ്റായി ശക്തിപ്പെടുകയും ചെയ്യും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒഡിഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ ഒക്‌ടോബർ 24 രാത്രിയിലും ഒക്‌ടോബർ 25 ന് രാവിലെയും ദന ചുഴലിക്കാറ്റ് ആഞ്ഞുവീശുമെന്നാണ് ഐഎംഡി അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 100-110 കിലോമീറ്റർ വേഗതയിലാവും ദന ആഞ്ഞുവീശുക. ഇതു മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗതയിലേക്ക് ഉയരാനും സാധ്യതയുണ്ട്.
ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചിട്ടുണ്ട്. ഐഎംഡി മുന്നറിയിപ്പിന് പിന്നാലെ ഗോപാൽപൂർ, പാരദീപ്, ധമ്ര തുറമുഖ അധികൃതരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അപകട സിഗ്നൽ നമ്പർ 1-നെ സൂചിപ്പിക്കുന്ന സിഗ്നൽ ഡിസി-ഐ ഉയർത്താനും അറിയിപ്പുണ്ട്. ഇത് സംബന്ധിച്ച് അഡീഷണൽ സ്പെഷ്യൽ റിലീഫ് കമ്മീഷണർ പദ്‌മനാവ് ബെഹ്‌റ ഗഞ്ചം, ജഗത്സിംഗ്‌പൂർ, ഭദ്രക് ജില്ലാ കലക്‌ടർമാർക്ക് കത്തയച്ചു.
ഒക്‌ടോബർ 23 മുതൽ 25 വരെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കിയതായി ഒഡിഷ സർക്കാർ അറിയിച്ചു. ചുഴലിക്കാറ്റിനെ നേരിടാൻ പൂർണ്ണമായി തയ്യാറെടുക്കാൻ വിവിധ വകുപ്പുകൾക്ക് സ്‌പെഷ്യൽ റിലീഫ് കമ്മീഷണർ (എസ്ആർസി), ഡികെ സിങ് നിർദേശം നൽകി. ദന ചുഴലിക്കാറ്റിന്‍റെ വെല്ലുവിളികളെ നേരിടാനുള്ള സംവിധാനങ്ങളുമായി ഒഡിഷ സർക്കാർ പൂർണ സജ്ജമാണെന്ന് റവന്യൂ, ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി പ്രതികരിച്ചു.
സാധാരണ ചുഴലിക്കാറ്റ് ഷെൽട്ടറുകൾക്ക് പുറമേ, ദുർബല പ്രദേശങ്ങളിൽ 500 താൽക്കാലിക ഷെൽട്ടറുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, അഗ്‌നിശമന സേന എന്നിവയില്‍ നിന്നുള്ള ടീമുകളെ ഉപയോഗിച്ച് അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള സഹായം എത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ബോംബ് ഭീഷണികളില്‍ വലഞ്ഞ് എയര്‍ലൈന്‍ കമ്പനികള്‍; ഒറ്റ രാത്രിയില്‍ സന്ദേശം ലഭിച്ചത് 30 വിമാനങ്ങള്‍ക്ക്
അതേസമയം ഖത്തറാണ് ചുഴലിക്കാറ്റിന് ദന എന്ന് പേരിട്ടതെന്നാണ് റിപ്പോര്‍ട്ട്. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ രൂപീകരിച്ച ഉഷ്‌ണമേഖലാ ചുഴലിക്കാറ്റ് നാമകരണ സംവിധാനം അനുസരിച്ചാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.