ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച സീറ്റ് വിഭജന ചര്‍ച്ചയില്‍ ആംആദ്‌മിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്. 7 ലോക്‌സഭാ സീറ്റുകളുള്ള ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് 3 സീറ്റും ആംആദ്‌മിക്ക് 4 സീറ്റുമാണ് ധാരണ.
അതേസമയം, ഡല്‍ഹി മദ്യനയ കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇഡി വീണ്ടും നോട്ടീസയച്ചു. ഫെബ്രുവരി 26 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. എന്നാല്‍ ഇഡി സമന്‍സിന്‍റെ നിയമ സാധുത സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലാണ് എന്നാണ് ആംആദ്‌മിയുടെ വാദം. അതിനാല്‍ കഴിഞ്ഞദിവസവും ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ കെജ്രിവാള്‍ തയാറായിരുന്നില്ല.
ഇരു പാർട്ടികളുടെയും സീറ്റ് വിഭജന ചര്‍ച്ച അവസാന ഘട്ടത്തിലാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്ത് സംഭവിക്കുമെന്ന് അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ നമുക്ക് അറിയാം. നടപടി ഒരുപാട് വൈകി. നേരത്തെ സംഭവിക്കേണ്ടതായിരുന്നു.' കെജ്രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2014ലും 2019ലും ഡൽഹിയിലെ ഏഴ് സീറ്റുകളും ബിജെപിയാണ് വിജയിച്ചത്. 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എല്ലാ സീറ്റിലും 50 ശതമാനത്തിലധികം വോട്ടാണ് ലഭിച്ചത്. ആദ്യം ഏഴ് സീറ്റുകളിൽ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന് എഎപി നൽകിയത്. തുടര്‍ന്ന് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു.
ഉത്തർപ്രദേശിൽ സീറ്റ് വിഭജനത്തിന് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ധാരണയായതിന് തൊട്ടുപിന്നാലെയാണ് ഡല്‍ഹിയിലും സീറ്റ് വിഭജനം പൂര്‍ത്തിയായിരിക്കുന്നത്. യുപിയില്‍ 63 ലോക്‌സഭാ സീറ്റുകളിൽ സമാജ്‌വാദി പാർട്ടിയും ഇന്‍ഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളും 17 സീറ്റുകളിൽ കോൺഗ്രസും മത്സരിക്കും.