കേരളം

kerala

ETV Bharat / automobile-and-gadgets

ആപ്പിൾ വിഷൻ പ്രോ മുതൽ ട്രൈഫോൾഡ് സ്‌മാർട്ട്‌ഫോൺ വരെ: 2024ൽ ടെക്‌ മേഖലയിൽ ഓളം സൃഷ്‌ടിച്ച ഉപകരണങ്ങൾ - YEARENDER 2024

2024 ൽ അവതരിപ്പിച്ച പ്രമുഖ കമ്പനികളുടെ വ്യത്യസ്‌തതയാർന്ന ടെക്‌ ഉപകരണങ്ങളും, അവയുടെ വിലയും സവിശേഷതകളും പരിശോധിക്കാം.

GADGETS OF 2024  UNIQUE GADGETS RELEASED IN 2024  TECH NEWS 2024  ആർടിഫിഷ്യൽ ഇന്‍റലിജൻസ്
Unique gadgets launched in 2024 (Photo: Samsung, Oclean, Humane, Clicks, Apple, Huawei)

By ETV Bharat Tech Team

Published : 15 hours ago

ഹൈദരാബാദ്:പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഉപകരണങ്ങൾ വിപണിയിൽ വലിയ ഓളം സൃഷ്‌ടിക്കുന്ന കാലമാണിത്. ജനറേറ്റീവ് എഐ, ഓഗ്‌മെന്‍റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി, റോബോട്ടിക് ടെക്‌നോളജി, നാനോ ടെക്‌നോളജി എന്നിങ്ങനെയുള്ള സാങ്കേതികവിദ്യയിൽ വലിയ വളർച്ച ഉണ്ടായ ഒരു വർഷമാണിത്. ലോകത്തെ തന്നെ മാറ്റിമറിച്ച ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വ്യത്യസ്‌തമാർന്ന നിരവധി ടെക്‌ ഉപകരണങ്ങൾ 2024ൽ പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി 2024ൽ പുറത്തിറക്കിയ വ്യത്യസ്‌തതയാർന്ന ചില ടെക് ഉപകരണങ്ങളും അവയുടെ സവിശേഷതകളും പരിശോധിക്കാം.

റാബിറ്റ് ആർ 1:

ശബ്‌ദ നിർദ്ദേശങ്ങളിലൂടെ നിയന്ത്രിക്കാനാകുന്ന ആർടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചുള്ള ഉപകരണമാണ് റാബിറ്റ് ആർ 1. ഉപഭോക്താക്കളുടെ ഏത് സങ്കീർണ്ണമായ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ വോയിസ് അസിസ്റ്റന്‍റ് സംവിധാനമുള്ള ഈ ഉപകരണത്തിനാകും. 2024 ജനുവരി 9നാണ് റാബിറ്റ് ആർ 1 അവതരിപ്പിച്ചത്. മുന്നിലുള്ള വസ്‌തുവോ ചിത്രമോ ക്യാമറയിൽ കാണിച്ചാൽ അവയെ തിരിച്ചറിഞ്ഞ് കൂടുതൽ വിവരങ്ങൾ ലഭ്യമാവും. നൂറിലധികം ഭാഷകളിൽ വേഗതയോടെ പരിവർത്തനം ചെയ്യാനും റാബിറ്റ് ആർ 1ന് കഴിയും. റെക്കോർഡ് ചെയ്യുന്ന ഓഡിയോകളുടെ ചുരുക്കവും ട്രാൻസ്‌ക്രിപ്‌ഷനും ലഭ്യമാകുമെന്നതാണ് റാബിറ്റ് ആർ 1ന്‍റെ മറ്റൊരു എടുത്തുപറയേണ്ട ഫീച്ചർ. ഉപകരണത്തിൽ രണ്ട് മൈക്രോഫോണുകളും ഒരു സ്‌പീക്കറും 360 ഡിഗ്രി കറങ്ങാവുന്ന ക്യാമറയുമുണ്ട്. ഒരു തവണ ചാർജ് ചെയ്‌താൽ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയിൽ ലഭ്യമല്ലെങ്കിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rabbit.tech വഴി ഓർഡർ ചെയ്യാനാകും. യുഎസ് ഡോളർ 199 (അതായത് ഏകദേശം 16,933 രൂപ) ആണ് റാബിറ്റ് ആർ 1ന്‍റെ വില.

റാബിറ്റ് ആർ 1 (Credit: rabbit.tech)

ആപ്പിൾ വിഷൻ പ്രോ:

ആപ്പിളിന്‍റെ ഓഗ്‌മെന്‍റഡ് റിയാലിറ്റി ഉപകരണമായ ആപ്പിൾ വിഷൻ പ്രോ 2024 ഫെബ്രുവരി 2നാണ് അവതരിപ്പിച്ചത്. വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്‍റഡ് റിയാലിറ്റി ഫീച്ചറുകൾ ചേർന്ന മിക്‌സഡ് റിയാലിറ്റി വിഷൻ പ്രോയിൽ ലഭ്യമാകും. നമ്മളുടെ ചുറ്റുപാടുള്ള വസ്‌തുവിലേക്കോ പ്രതലത്തിലേക്കോ ഒരു ഡിജിറ്റൽ സ്‌ക്രീനും കൂടെ ചേർക്കാൻ ആപ്പിൾ വിഷൻ പ്രോ ധരിക്കുന്നതിലൂടെ സാധിക്കും. എഐ വോയ്‌സ് അസിസ്റ്റന്‍റ്, ഹാൻഡ് ട്രാക്കിങ്, ഐ ട്രാക്കിങ്, ബ്രെയിൻ സിഗ്‌നലുകൾ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാൽ തന്നെ കണ്ണും ശബ്‌ദവും ഉപയോഗിച്ച് ആപ്പിൾ വിഷൻ പ്രോ നിയന്ത്രിക്കാനാകും.3D ക്യാമറയുള്ള വിഷൻ പ്രോയിൽ മറ്റൊരാളുമായി വീഡിയോ കോളിലേർപ്പെടുമ്പോൾ അവർ സമീപത്ത് ഉള്ള പോലെ തോന്നും. 256GB, 512GB, 1TB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്‌ഷനിൽ ലഭ്യമാവും. ആപ്പിൾ വിഷൻ പ്രോ നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല. $3499 ആണ് (ഏകദേശം 2.9 ലക്ഷം രൂപ) പ്രാരംഭ വില.

ആപ്പിൾ വിഷൻ പ്രോ (ഫോട്ടോ: ആപ്പിൾ)

ഹ്യൂമേൻ എഐ പിൻ:

സ്‌മാർട്ട്‌ഫോണിന് പകരക്കാരനായാണ് ഹുമേൻ തങ്ങളുടെ എഐ പിൻ അവതരിപ്പിച്ചിരിക്കുന്നത്. 2024ലെ മൊബൈൽ വേൾഡ് കോൺഗ്രസിലാണ് എഐ പിൻ ആദ്യമായി പ്രദർശിപ്പിക്കുന്നത്. ശബ്‌ദനിർദ്ദേശങ്ങളിലൂടെയും കൈകളുടെ ചലനത്തിലൂടെയും ആണ് എഐ സാങ്കേതികവിദ്യയോടെ പ്രവർത്തിക്കുന്ന ഈ ഉപകരണത്തെ നിയന്ത്രിക്കുക. ഡിസ്പ്ലേ ഇല്ലാത്ത ഉപകരണത്തിൽ ഒരു ക്യാമറയും പ്രൊജക്‌ടറും ഉണ്ടായിരിക്കും. വോയിസ് കമാൻഡിലൂടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിന് പുറമെ ഉപയോക്താവിന്‍റെ കൈയ്യിൽ വിവരങ്ങൾ പ്രദർശിപ്പിക്കാനുമാവും. എഐ പിന്നിന്‍റെ ബാറ്ററി ബൂസ്റ്ററിനെ വസ്‌ത്രത്തിനുള്ളിലും കംപ്യൂട്ടർ ഭാഗത്തെ വസ്‌ത്രത്തിന് പുറത്തുമായാണ് ഘടിപ്പിക്കേണ്ടത്. അലക്‌സ, ഗൂഗിൾ അസിസ്റ്റന്‍റ് എന്നിവയ്‌ക്ക് സമാനമായ സ്‌മാർട്ട് സ്‌പീക്കർ ഇതിലുണ്ട്. വോയിസ് ട്രാൻസ്‌ലേഷൻ, മെസേജിങ്, ഫോട്ടോ എടുക്കുക, ക്യാമറ ഉപയോഗിച്ച് വസ്‌തുക്കൾ തിരിച്ചറിയുക തുടങ്ങിയവയാണ് മറ്റ് ഉപയോഗങ്ങൾ. എക്ലിപ്‌സ്, ലൂണാർ, ഇക്വിനോസ് എന്നീ മൂന്ന് കളർ ഓപ്‌ഷനുകളിൽ ലഭ്യമാണ്. 499 യുഎസ് ഡോളറാണ് (ഏകദേശം 42,434 രൂപ) എഐ പിന്നിന്‍റെ പ്രാരംഭവില.

ഹ്യൂമേൻ എഐ പിൻ (Credit: Humane.com)

ട്രൈ-ഫോൾഡ് സ്‌മാർട്ട്‌ഫോൺ:

2024 സെപ്‌റ്റംബർ 20നാണ് മൂന്നായി മടക്കാവുന്ന ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് സ്‌മാർട്ട്‌ഫോൺ ചൈനീസ് കമ്പനിയായ ഹുവായ് പുറത്തിറക്കിയത്. ട്രിപ്പിൾ ഫോൾഡബിൾ സ്‌ക്രീൻ ഉള്ള ഹുവായ് മേറ്റ് XT അൾട്ടിമേറ്റിന്‍റെ സ്‌ക്രീനിന് 10.2 ഇഞ്ച് വലിപ്പമുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 എംപി പ്രൈമറി ക്യാമറയും, 5.5x ഒപ്‌റ്റിക്കൽ സൂമോടുകൂടിയ 12 എംപി പെരിസ്‌ക്കോപ് ടെലിഫോട്ടോ ക്യാമറയും, 12എംപി അൾട്രാവൈഡ് ക്യാമറയും, 8 എംപി വൈഡ് സെൽഫി ക്യാമറയുമാണ് നൽകിയിരിക്കുന്നത്. 5,600mAh ബാറ്ററി കപ്പാസിറ്റിയുള്ള ഫോൺ 256GB, 512GB, 1TB എന്നീ സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് വരുന്നത്. 256 ജിബി സ്റ്റോറേജുമുള്ള ബേസിക് മോഡലിന്‍റെ വില 19,999 യുവാൻ (ഏകദേശം 2,37,000 രൂപ) ആണ്.

ഹുവായ് മേറ്റ് XT അൾട്ടിമേറ്റ് (ഫോട്ടോ: ഹുവായ്‌ ചൈന)

സാംസങ് ഗാലക്‌സി റിങ്:

2024 ഒക്‌ടോബർ 16നാണ് സാംസങ് ഗാലക്‌സി റിങ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ആരോഗ്യത്തിനും ഫിറ്റ്‌നെസിനും പ്രാധാന്യം നൽകുന്ന ഹെൽത്ത് മോണിറ്ററിങ് സംവിധാനത്തോടെയാണ് ഈ സ്‌മാർട്ട് റിങ് അവതരിപ്പിച്ചിരിക്കുന്നത്. എഐ അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ഈ സ്‌മാർട്ട് റിങ് ഉപയോക്താവിന്‍റെ ജീവിത ശൈലിയും ആരോഗ്യവും നിരീക്ഷിച്ചു കൊണ്ടിരിക്കും. സ്‌മാർട്ട് റിങിലെ സ്ലീപ്പ് അനാലിസിസ് ഫീച്ചർ വഴി ഉപയോക്താക്കളുടെ വൈകിയുള്ള ഉറക്കം, ഉറക്കത്തിനിടയിലെ ചലനം, ശ്വസന നിരക്ക്, ഹൃദയമിടിപ്പ്, കൂർക്കംവലി എന്നിവ നിരീക്ഷിച്ച് നിർദ്ദേശങ്ങൾ തരും. ഒരു തവണ ഫുൾ ചാർജ് ചെയ്യുന്നതിലൂടെ ഏഴ് ദിവസം വരെ ഉപയോഗിക്കാനാകുമെന്നാണ് കമ്പനി പറയുന്നത്. വെറും 2.3 ഗ്രാം മാത്രമാണ് ഭാരം. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിന് IP68 റേറ്റിങും 10ATM വാട്ടർ റെസിസ്റ്റൻ്റ് കപ്പാസിറ്റിയും ഉള്ളതിനാൽ സാംസങ് വിരലിൽ ഇട്ടുകൊണ്ട് വെള്ളത്തിൽ 100 മീറ്റർ വരെ ആഴത്തിൽ വരെ നീന്താനാകും. 38,999 രൂപയുള്ള സ്‌മാർട്ട് റിങ് വിവിധ സൈസുകളിൽ ലഭ്യമാവും.

സാംസങ് ഗാലക്‌സി റിങ് (ഫോട്ടോ: സാംസങ് ഇന്ത്യ)

ഗൂഗിൾ പിക്‌സൽ ബഡ്‌സ് പ്രോ 2:

2024 ഓഗസ്റ്റ് 13നാണ് ഗൂഗിൾ പിക്‌സൽ തങ്ങളുടെ ബഡ്‌സ് പ്രോ 2 ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. മികച്ച ഓഡിയോ, ഗൂഗിൾ എഐ, ആക്‌ടിവ് നോയിസ് ക്യാൻസലേഷൻ, ഗൂഗിൾ ജെമിനി എഐ അസിസ്റ്റന്‍റ് തുടങ്ങിയ ഫീച്ചറുകളോടെയാണ് പിക്‌സൽ ബഡ്‌സ് പ്രോ 2 പുറത്തിറക്കിയത്. പിക്‌സൽ ബഡ്‌സ് പ്രോ മോഡലിനേക്കാൾ ചെറുതും ഭാരം കുറഞ്ഞതുമാണ് ബഡ്‌സ് പ്രോ 2. പുതിയ ഗൂഗിൾ ടെൻസർ ചിപ്പാണ് ഈ ഇയർബഡുകൾക്ക് കരുത്തേകുന്നത്. IP54 റേറ്റിങും നൽകിയിട്ടുണ്ട്. ഇ-കൊമേഴ്‌ഷ്യൽ വൈബ്‌സൈറ്റായ ഫ്ലിപ്‌കാർട്ടിൽ ബഡ്‌സ് പ്രോ 2ന്‍റെ വില 22,900 ആണ്.

ഗൂഗിൾ പിക്‌സൽ ബഡ്‌സ് പ്രോ (ഫോട്ടോ: ഗൂഗിൾ സ്റ്റോർ)

എച്ച്‌എംഡി ഫ്യൂഷൻ സ്‌മാർട്ട്‌ഫോൺ:

2024 നവംബർ 25നാണ് എച്ച്എംഡി ഗ്ലോബലിൻ്റെ എച്ച്‌എംഡി ഫ്യൂഷൻ സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഫോണിന്‍റെ പെർഫോമൻസ് തന്നെ മാറ്റാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറുകളടങ്ങുന്ന പുതുപുത്തൻ കെയ്‌സ് സഹിതമാണ് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇതുതന്നെയാണ് എച്ച്‌എംഡി ഫ്യൂഷൻ ഫോണിനെ മറ്റ് ഫോണുകളിൽ നിന്നും വ്യത്യസ്‌തമാക്കുന്നത്. 'സ്‌മാർട്ട് ഔട്ട്‌ഫിറ്റ്സ്' എന്നറിയപ്പെടുന്ന കെയ്‌സുകൾക്ക് ഓരോന്നിനും വ്യത്യസ്‌ത ഫീച്ചറുകളാണ് ഉള്ളത്. ഈ കെയ്‌സുകൾ പ്രത്യേക പിന്നുകൾ ഉപയോഗിച്ച് ഫോണിന്‍റെ പിൻഭാഗത്ത് ഘടിപ്പിക്കാനും ആവശ്യാനുസരണം മാറ്റിയിടാനും സാധിക്കും. ഗെയിമിങ് ഔട്ട്‌ഫിറ്റും, സെൽഫിക്കായി ഫ്ലാഷി ഔട്ട്‌ഫിറ്റും, മറ്റ് കസ്റ്റമൈസ്‌ഡ് ഔട്ട്‌ഫിറ്റുകളും ലഭ്യമാണ്. 17,999 രൂപ വില വരുന്ന ഫോണിനൊപ്പം കാഷ്വൽ, ഫ്ലാഷി, ഗെയിമിങ് ഔട്ട്‌ഫിറ്റുകളും ലഭ്യമാവും.

എച്ച്‌എംഡി ഫ്യൂഷൻ സ്‌മാർട്ട്‌ഫോൺ (ഫോട്ടോ: എച്ച്‌എംഡി ഇന്ത്യ)

ഒക്ലീൻ ടൂത്ത് ബ്രഷ്:

ഉപയോക്താക്കൾക്കായി എഐ വോയ്‌സ്-ഗൈഡഡ് ബ്രഷിങ് അനുഭവം വാഗ്‌ദാനം ചെയ്യുന്നതിനായി 2024 ൽ അവതരിപ്പിച്ച ഇലക്‌ട്രിക് ടൂത്ത് ബ്രഷാണ് ഒക്ലീനിന്‍റെ എക്‌സ് അൾട്ര ടൂത്ത് ബ്രഷ്. ഉപയോക്താവിന്‍റെ ബ്രഷിങ് ശീലങ്ങൾ മനസിലാക്കി ദന്തസംരക്ഷണത്തിനായി കൂടുതൽ നിർദേശങ്ങൾ നൽകാൻ ഈ ബ്രഷ്‌ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. ബ്രഷിന്‍റെ ഹാൻഡിലിലുള്ള സ്‌മാർട്ട് ടച്ച്‌സ്‌ക്രീൻ വഴി ഉപയോക്താവിന് അവരുടെ ബ്രഷിങ് ശീലങ്ങളെക്കുറിച്ച് തൽക്ഷണ ഫീഡ്‌ബാക്കും ലഭിക്കും. 40 ദിവസത്തെ ബാറ്ററി ലൈഫുള്ള ഇലക്‌ട്രിക് ബ്രഷിന് അഞ്ച് ബ്രഷിങ് മോഡുകൾ ഉണ്ട്. 129.99 ഡോളറാണ് (ഏകദേശം 11,000 രൂപ) ഒക്ലീൻ സ്‌മാർട്ട് ബ്രഷിന്‍റെ വില. വെബ്‌സൈറ്റിലും ആമസോണിലും ഇത് ലഭ്യമാകും.

ഒക്ലീൻ ടൂത്ത് ബ്രഷ് (Credit: Oclean.com)

ബീ എഐ അധിഷ്‌ഠിത റിസ്റ്റ് ബാൻഡ്:

ഉപയോക്താക്കളുടെ ശീലങ്ങൾ മനസിലാക്കി റിമൈൻഡറുകളും നിർദേശങ്ങളും തരുന്നതിനായി ബീ കമ്പ്യൂട്ടർ എന്ന റിസ്റ്റ് ബാൻഡ് കമ്പനി പുറത്തിറക്കിയ എഐ അധിഷ്‌ഠിത റിസ്റ്റ് ബാൻഡാണ് ഇത്. അഡ്വാൻസ്‌ഡ് നോയിസ് ഫിൽറ്ററിങ് വഴി ഓഡിയോകളുടെ കൃത്യമായ ട്രാൻസ്‌ക്രിപ്‌ഷൻ ലഭ്യമാവും. സ്‌മാർട്ട്‌ഫോണുമായി ലിങ്ക് ചെയ്‌താണ് ഉപയോഗം. ശബ്‌ദത്തെ കൺട്രോൾ ചെയ്യാനായി ഒരു ബട്ടൺ സജ്ജീകരിച്ചിട്ടുണ്ട്. ഒരൊറ്റ ചാർജിൽ തന്നെ 100 മണിക്കൂർ വരെ ഉപയോഗിക്കാനാവുന്ന ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. 40 ഭാഷകളെ കൈകാര്യം ചെയ്യാനും ഈ റിസ്റ്റ് ബാൻഡിനാവും. 2025ലെ വിൽപ്പനയ്‌ക്കായി ബീ റിസ്റ്റ് ബാൻഡ് ഇപ്പോൾ പ്രീ-ഓർഡർ ചെയ്യാനാവും. 49.99 യുഎസ് ഡോളറാണ് (ഏകദേശം 4,247 രൂപ) ആണ് വില.

ബീ എഐ റിസ്റ്റ് ബാൻഡ് (Credit: Bee.computer)

ഐഫോണിനായി ക്ലിക്ക്‌സ് കീബോർഡ്:

ക്ലിക്ക്‌സ് കമ്പനി ഐഫോണിനായി നിർമിച്ച ഫിസിക്കൽ കീബോർഡ് ആണിത്. വലിയ അക്ഷരങ്ങളും അക്കങ്ങളും പ്രത്യേക കീകളും ഷോർട്ട് കട്ടുകളും ഈ കീബോർഡിൽ ഉണ്ട്. സംഭാഷണം ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റാനും സിരി സജീവമാക്കാനുമായി പ്രത്യേക വോയ്‌സ് ബട്ടൺ കീബോർഡിൽ നൽകിയിട്ടുണ്ട്. ഐഫോണിലേക്ക് നേരിട്ട് ലിങ്ക് ചെയ്യുന്നതിനാൽ കീബോർഡിന് ചാർജിങോ ബ്ലൂടൂത്ത് കണക്‌റ്റിവിറ്റിയോ ആവശ്യമില്ല. ഐഫോൺ 14 പ്രോ, ഐഫോൺ 15, ഐഫോൺ 15 പ്രോ, ഐഫോൺ 16 എന്നീ മോഡലുകളുടെ കീബോർഡിന് 12,000 രൂപയും ഐഫോൺ 15 പ്ലസ്, 15 പ്ലസ് പ്രോ മാക്‌സ്, ഐഫോൺ 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്‌സ് എന്നീ മോഡലുകളുടെ കീബോർഡിന് 13,800 രൂപയുമാണ് വില.

ക്ലിക്ക്‌സ് ഐഫോൺ കീബോർഡ് (Credit: Click.tech)

എൽജി സിഗ്‌നേച്ചർ ഒഎൽഇഡി ടി:

ലോകത്തെ ആദ്യത്തെ 77 ഇഞ്ച് ട്രാൻസ്‌പാരന്‍റ് വയർലെസ് 4K ടിവിയാണിത്. ഈ വർഷം ആദ്യം തന്നെ എൽജി സിഗ്‌നേച്ചർ ഒഎൽഇഡി ടിയുടെ ആശയം അവതരിപ്പിച്ചിരുന്നെങ്കിലും ഈ മാസം പുറത്തിറക്കുമെന്നാണ് എൽജി അറിയിച്ചിരിക്കുന്നത്. 77 ഇഞ്ച് വലിപ്പമുള്ള 4K ട്രാൻസ്‌പാരന്‍റ് സ്‌ക്രീനും വയർലെസ് ഓഡിയോ വീഡിയോ ട്രാൻസ്‌മിഷനുമാണ് ഈ ടിവിയുടെ പ്രത്യേകത. സുതാര്യമായതിനാൽ തന്നെ ടിവി ആണെന്ന് ആർക്കും തോന്നാത്ത തരത്തിലാണ് ഡിസൈൻ. സ്‌ക്രീൻ അതാര്യമാക്കുന്നതിനുള്ള ഓപ്‌ഷനും നൽകിയിട്ടുണ്ട്.

എൽജി സിഗ്‌നേച്ചർ ഒഎൽഇഡി ടി (Credit: LG Electronics)

Also Read:

  1. 10.2 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീൻ, മൂന്നായി മടക്കാം: ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് ഫോൺ പുറത്തിറക്കി ഹുവായ്‌
  2. സ്‌മാർട്ട്‌ഫോണിന് പകരക്കാരനായി മെറ്റയുടെ ഓറിയോൺ എആർ സ്‌മാർട്ട് ഗ്ലാസ്: പ്രവർത്തനം തലച്ചോറിലെ സിഗ്‌നലുകൾ വഴി
  3. വിലയോ തുച്ഛം ഗുണമോ മെച്ചം: മികച്ച വാട്ടർപ്രൂഫ്‌ കപ്പാസിറ്റിയുമായി റിയൽമി 14x ഇന്ത്യയിൽ, പ്രത്യേക ഓഫർ ലഭ്യം
  4. 10,000 രൂപയാണോ ബജറ്റ്? മികച്ച 5ജി സ്‌മാർട്ട്‌ഫോണുകളും സവിശേഷതകളും
  5. 3 വർഷം വാറന്‍റി, 7 വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്: ഗാലക്‌സി എസ് 24, എസ് 24 അൾട്രാ എൻ്റർപ്രൈസ് എഡിഷൻ ഇന്ത്യയിൽ

ABOUT THE AUTHOR

...view details