ന്യൂഡല്‍ഹി: സ്‌മാര്‍ട്ട്ഫോണുകളുടെ കയറ്റുമതിയില്‍ ഇന്ത്യയില്‍ റെക്കോഡ് വളര്‍ച്ച. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് നിന്നുള്ള സ്‌മാര്‍ട്ട്ഫോണുകളുടെ കയറ്റുമതി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 42 ശതമാനം വളര്‍ച്ച കൈവരിച്ച് 15.6 ബില്യൺ ഡോളറിലെത്തിയതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതലായി കയറ്റുമതി ചെയ്യപ്പെടുന്ന നാലാമത്തെ ഉത്പന്നമായും സ്‌മാര്‍ട്ട്‌ഫോണുകള്‍ മാറിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും കൂടുതല്‍ സ്‌മാര്‍ട്ട്ഫോണുകള്‍ കയറ്റി അയക്കുന്നത് അമേരിക്കയിലേക്കാണ്. അമേരിക്കയിലേക്ക് മാത്രം രാജ്യത്ത് നിന്നും ഇതുവരെ 5.6 ബില്യൺ ഡോളർ മൂല്യമുള്ള സ്‌മാർട്ട്ഫോൺ കയറ്റുമതി ചെയ്‌തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുഎഇയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
2.6 ബില്യണ്‍ ഡോളറിന്‍റെ സ്‌മാര്‍ട്ട്ഫോണുകള്‍ യുഎഇയിലേക്ക് അയച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യമായ നെതര്‍ലന്‍ഡ്‌സ് ആണ് ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളില്‍ മൂന്നാമത്. 1.2 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതി ഇവിടേക്ക് നടന്നിട്ടുണ്ട്. 1.1 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതിയാണ് യുകെയിലേക്ക് ചെയ്‌തത്.
2024 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതിയ്‌ക്കും ആഭ്യന്തര വിപണികൾക്കും വേണ്ടി രാജ്യത്ത് ഉത്പ്പാദിപ്പിച്ച മൊബൈല്‍ ഉപകരണങ്ങളുടെ മൂല്യം 49.16 ബില്യൺ ഡോളറായി ഉയര്‍ന്നിരുന്നു. മുൻ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനത്തിന്‍റെ വര്‍ധനയാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്‍റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് (പിഎൽഐ) പദ്ധതിയാണ് ഈ കുതിപ്പിന് കാരണം എന്നാണ് വ്യവസായ വിദഗ്‌ധരുടെ വിലയിരുത്തല്‍.
മൊബൈല്‍ ഫോണുകള്‍ കൂടുതലായി നിര്‍മിക്കുന്ന രാജ്യങ്ങളില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് പട്ടികയില്‍ ഒന്നാമത്. യുഎസ് - ചൈന രാജ്യങ്ങള്‍ തമ്മിലുള്ള ഭൗമരാഷ്‌ട്രീയ പിരിമുറുക്കങ്ങളും ഈ മേഖലയില്‍ ഇന്ത്യയുടെ അവസരങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് പ്രവർത്തനങ്ങൾ മാറ്റുന്നതിന് അടക്കം കമ്പനികളെ ആകർഷിക്കുന്നതാണ്.
ഇന്ത്യയില്‍ നിന്നുള്ള ഫോണുകളുടെ കയറ്റുമതിയില്‍ ആപ്പിള്‍ ആണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 33 ശതമാനത്തിന്‍റെ വര്‍ധനവാണ് ആപ്പിള്‍ ഫോണുകളുടെ കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ ഇന്ത്യ (ഇപ്പോൾ ടാറ്റ ഇലക്‌ട്രോണിക്‌സ്), പെഗാട്രോൺ എന്നിവയാണ് ആപ്പിളിന്‍റെ വെണ്ടര്‍മാര്‍. സാംസംഗും ഇതിന് പിന്നിലുണ്ട്.
Also Read :80W ചാർജിംഗ്, 5500 MAh ബാറ്ററി, 12GB റാം; ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഒപ്പോ K12x - OPPO K12X LAUNCHED IN CHINA