ഹൈദരാബാദ്:ദക്ഷിണ കൊറിയൻ ടെക് കമ്പനിയായ സാംസങിന്‍റെ മുൻനിര സ്‌മാർട്ട്‌ഫോൺ ലൈനപ്പായ സാംസങ് ഗാലക്‌സി എസ് 25 സീരീസ് ഉടനെത്തും. കാലിഫോർണിയയിലെ സാൻ ജോസിൽ ജനുവരി 22ന് നടക്കുന്ന സാംസങിന്‍റെ വാർഷിക പരിപാടിയിലായിരിക്കും അവതരിപ്പിക്കുക. തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് സാംസങ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. എസ് 25 സീരീസിലെ ഫോണുകൾക്കായുള്ള പ്രീ ബുക്കിങും ആരംഭിച്ചിട്ടുണ്ട്.
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമെന്നും സാംസങ് അറിയിച്ചിട്ടുണ്ട്. ജനുവരി 22ന് ഇന്ത്യൻ സമയം രാത്രി 10.30ന് ആയിരിക്കും ലോഞ്ച് ഇവന്‍റ് നടക്കുക. സാംസങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്, ന്യൂസ്‌റൂം, സാംസങിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനൽ എന്നിവ വഴി സാംസങ് ഗാലക്‌സി അൺപാക്ക്‌ഡ് ഇവന്‍റ് ലൈവായി കാണാൻ സാധിക്കും.
പ്രീ-ബുക്കിങ് ആനുകൂല്യങ്ങൾ:
ഈ സീരീസിലെ ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 1,999 രൂപ നൽകി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ബുക്ക് ചെയ്യുന്നവർക്ക് വിഐപി പാസ് ലഭിക്കും. ഈ തുക റീഫണ്ട് ചെയ്യാവുന്നതാണ്. ഗാലക്‌സി പ്രീ-റിസർവ് വിഐപി പാസ് വഴി ലഭിക്കുന്ന ഇ-വൗച്ചറിൽ 5,000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കും. അതായത് സാംസങ് ഗാലക്‌സിയുടെ വരാനിരിക്കുന്ന ഉപകരണങ്ങൾ വിഐപി പാസ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 5,000 രൂപ കിഴിവ് ലഭിക്കും. കൂടാതെ വിഐപി പാസ് സ്വന്തമാക്കുന്നവർക്ക് 50,000 രൂപയുടെ ഗിവ്എവേയിൽ പങ്കെടുക്കാനും അവസരം ലഭിക്കും.
പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ:
മുൻ മോഡലുകളിന് സമാനമായി വരാനിരിക്കുന്ന സീരീസിൽ ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25 പ്ലസ്, ഗാലക്‌സി എസ് 25 അൾട്രാ എന്നീ മോഡലുകൾ പുറത്തിറക്കാനാണ് സാധ്യത. കുറഞ്ഞത് 12 ജിബി റാമുമായി ജോടിയാക്കിയ ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് എല്ലാ വേരിയന്‍റുകളിലും പ്രതീക്ഷിക്കുന്നത്. ഗാലക്‌സി എസ് 25 മോഡലിൽ 4,000 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്നാണ് സൂചന. അതേസമയം എസ് 25 പ്ലസ്, എസ് 25 അൾട്ര മോഡലുകളിൽ യഥാക്രമം 4,900 എംഎഎച്ചും 5,000 എംഎഎച്ചും കപ്പാസിറ്റിയുള്ള ബാറ്ററികളാണ് പ്രതീക്ഷിക്കുന്നത്.
എസ് 25 സീരീസ് പുറത്തിറങ്ങാനിരിക്കെ ഫോണിനെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ ചോർന്നിരുന്നു. ചോർന്ന വിവരങ്ങളനുസരിച്ച്, എസ് 25 അൾട്രയ്ക്ക് വൃത്താകൃതിയിലുള്ള കോണുകൾ ഉണ്ടായിരിക്കുമെന്നാണ് സൂചന. ഇത് സാംസങിന്‍റെ എസ് സീരീസിലെ മറ്റ് അൾട്രാ മോഡലുകളുടെ ഡിസൈനിൽ നിന്ന് എസ് 25 അൾട്രായുടെ ഡിസൈനിനെ വേറിട്ടുനിർത്തും. അതേസമയം ബേസിക് മോഡലിലും എസ് 25 പ്ലസിലും ഡിസൈൻ മുൻമോഡലുകൾക്ക് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനുവരിയിൽ പുറത്തിറക്കുന്ന മറ്റ് ഉപകരണങ്ങൾ:
പ്രോജക്റ്റ് മൂഹാൻ എന്ന പേരിൽ 2024 ഡിസംബറിൽ സാംസങ് പ്രഖ്യാപിച്ച എക്സ്റ്റൻഡഡ് റിയാലിറ്റി (XR) ഹെഡ്‌സെറ്റ് ഈ വർഷത്തെ അൺപാക്ക്‌ഡ് ഇവന്‍റിൽ പുറത്തിറക്കാൻ സാധ്യതയുണ്ട്. ഗൂഗിളിന്‍റെ പുതിയ ആൻഡ്രോയിഡ് XR പ്ലാറ്റ്‌ഫോമിലായിരിക്കും ഈ ഹെഡ്‌സെറ്റ് പ്രവർത്തിക്കുക. ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവയെ പിന്തുണയ്ക്കുന്നതാണ് പുതിയ എക്സ്റ്റൻഡഡ് റിയാലിറ്റി പ്ലാറ്റ്‌ഫോം. കൂടാതെ ഇവന്‍റിൽ സാംസങിന്‍റെ സ്ലിം മോഡലായ ഗാലക്‌സി എസ് 25 സ്ലിം അവതരിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
ഔറ റിങിന് ചെക്ക് വെക്കാനായി രണ്ട് പുതിയ സൈസുകളിൽ ഗാലക്‌സി റിങ് 2 പുറത്തിറക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഗാലക്‌സി റിങിന്‍റെ നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ കൃത്യതയുള്ള ഹെൽത്ത് സെൻസറുകളും കൂടുതൽ മെച്ചപ്പെടുത്തിയ എഐ ഫങ്‌ഷനുകൾ, മെച്ചപ്പെട്ട ബാറ്ററി ലൈഫ് എന്നിവയുമായി ഗാലക്‌സി റിങ് 2 പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read:
- കിടിലൻ പെർഫോമൻസ്: സാംസങ് ഗാലക്‌സി എസ് 25 സീരീസിൽ പുതിയ പ്രോസസർ; ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ
- 3 വർഷം വാറന്‍റി, 7 വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്: ഗാലക്‌സി എസ് 24, എസ് 24 അൾട്രാ എൻ്റർപ്രൈസ് എഡിഷൻ ഇന്ത്യയിൽ
- ഇന്ത്യക്കാർക്ക് പ്രിയം വിലകൂടിയ സ്‌മാർട്ട്ഫോണുകളോട്: മുൻഗണന ആപ്പിളിനും സാംസങിനും
- സിരി ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചോ? ഒത്തുതീർപ്പിനായി 814 കോടി നൽകാൻ ആപ്പിൾ തയ്യാറായതിന് പിന്നിൽ? വിശദാംശങ്ങൾ
- അൾട്രാ സ്ലിം ഡിസൈനിൽ പുതിയ ബജറ്റ് സ്‌മാർട്ട്‌ഫോൺ: എഐ പവേർഡ് ക്യാമറയുമായി ഷവോമിയുടെ റെഡ്‌മി 14 സി അവതരിപ്പിച്ചു