ഹൈദരാബാദ്:ആപ്പിൾ, ഗൂഗിൾ, വൺപ്ലസ്, സാംസങ്, ഓപ്പോ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളുടെ ഫ്ലാഗ്‌ഷിപ്പ് ഫോണുകളുടെ ഒരു നിര തന്നെ അവതരിപ്പിക്കാനിരിക്കുന്ന വർഷമാണ് 2025. സ്‌മാർട്ട്‌ഫോൺ വിപണിയിലെ ഭീമൻമാരായ സാംസങും ആപ്പിളും ഈ വർഷം അവരുടെ ഫ്ലാഗ്‌ഷിപ്പ് ഫോണുകളുടെ സ്ലിം പതിപ്പുകൾ പുറത്തിറക്കാനിരിക്കുകയാണ്. ജനുവരി 22ന് നടക്കുന്ന ഗാലക്‌സി അൺപാക്ക്‌ഡ് ഇവന്‍റിൽ എസ് 25 സീരീസിനൊപ്പം ഈ സീരീസിലെ സ്ലിം മോഡലായ സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മും പുറത്തിറക്കുമെന്ന് സൂചനയുണ്ട്.
2025 ന്‍റെ രണ്ടാം പാദത്തിലായിരിക്കും എസ് 25 സ്ലിം പുറത്തിറക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. ആപ്പിളിന്‍റെ ഐഫോണുകളിൽ വച്ചുതന്നെ ഏറ്റവും സ്ലിം മോഡലായ ഐഫോൺ 17 എയർ 2025 സെപ്റ്റംബറിലെത്തുമെന്നും സൂചനയുണ്ട്. വരാനിരിക്കുന്ന രണ്ട് മോഡലുകളും ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഐഫോൺ 17 എയറിന് 6.25 മില്ലി മീറ്റർ വണ്ണവും സാംസങ് ഗാലക്‌സി എസ് 25 സ്ലിം മോഡലിന് 6 മില്ലി മീറ്റർ വണ്ണവും ആണ് ഉണ്ടാവുകയെന്നാണ് വിവരം. രണ്ട് ഫോണുകളുടെയും മറ്റ് ഫീച്ചറുകൾ തമ്മിൽ താരതമ്യം ചെയ്യാം. കൂടാതെ ഐഫോൺ 16, 16 പ്ലസ് മോഡലുകൾക്ക് 7.8 മില്ലി മീറ്ററും പ്രോ, പ്രോ മാക്‌സ് മോഡലുകൾക്ക് 8.25 മില്ലി മീറ്ററും ആണ് വണ്ണം.
സാംസങ് ഗാലക്‌സി എസ് 25 സ്ലിം vs ഐഫോൺ 17 എയർ: സ്‌പെസിഫിക്കേഷനുകൾ
ഡിസൈൻ:സാംസങിന്‍റെ മുൻനിര ഫോണുകളിൽ വെച്ച് ഏറ്റവും സ്ലിം ആയ ഡിസൈനിലായിരിക്കാം ഈ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. സാംസങ് ഗാലക്‌സി എസ് 24ന് 7.6mm വണ്ണമുണ്ട്. എന്നാൽ 6mm മാത്രം വണ്ണമുള്ള എസ് 25 സ്ലിം ആപ്പിളിന്‍റെ വരാനിരിക്കുന്ന ഐഫോൺ 17 എയറിനേക്കാൾ വണ്ണം കുറവാണ്. ഐഫോൺ 17 എയറിന് 6.25mm വണ്ണമുണ്ടായിരിക്കുമെന്നാണ് സൂചന. ഇത് 6.9 മില്ലി മീറ്റർ വണ്ണമുള്ള ഐഫോൺ 6 നേക്കാൾ സ്ലിം ആയിരിക്കുമെന്നാണ് ടെക് വിദഗ്‌ധർ പറയുന്നത്. ഭാരം കുറയ്‌ക്കുന്നതിനും കൂടുതൽ കാലം ഈട് നിൽക്കുന്നതിനുമായി ഐഫോൺ 17 എയറിൽ ടൈറ്റാനിയം ഫ്രെയിം ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്.
ബാറ്ററി:എസ് 25 സ്ലിം മോഡലിന് 4,700 മുതൽ 5,000 എംഎഎച്ച് വരെ കപ്പാസിറ്റിയുള്ള ബാറ്ററി നൽകുമെന്നാണ് സൂചന. ഇത്രയും വണ്ണം കുറഞ്ഞ ഫോൺ അത്രയും അധികം ബാറ്ററി കപ്പാസിറ്റിയിൽ വരുമെങ്കിൽ അത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്. വൺപ്ലസ് ഏസ് 3 പ്രോ മോഡലിൽ നൽകിയിരുന്ന ബാറ്ററിക്ക് സമാനമായ നൂതന സിലിക്കൺ-കാർബൺ ആനോഡ് ബാറ്ററി സാങ്കേതികവിദ്യ സാംസങിന്‍റെ എസ് 25 സ്ലിമ്മിലും പ്രതീക്ഷിക്കാം. അതിനാൽ തന്നെ സ്ലിം ഡിസൈനിൽ അവതരിപ്പിച്ച ഫോൺ ആണെങ്കിൽ പോലും എസ് 25 സ്ലിമ്മിൽ മികച്ച പ്രകടനം പ്രതീക്ഷിക്കാം. ഐഫോൺ 17 എയറിന് 3000 മുതൽ 4,000 എംഎഎച്ച് വരെ കപ്പാസിറ്റിയുള്ള ബാറ്ററിയായാരിക്കും നൽകുകയെന്നും സൂചനയുണ്ട്.
പ്രോസസർ:സാംസങ് ഗാലക്‌സി എസ് 25 സ്ലിം ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ചിപ്‌സെറ്റിൽ വരുമെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം ആപ്പിളിന്‍റെ ഏറ്റവും പുതിയ ചിപ്‌സെറ്റായ എ19 ചിപ്‌സെറ്റിലായിരിക്കും ഐഫോൺ 17 എയർ എത്തുകയെന്നാണ് സൂചന. വരാനിരിക്കുന്ന ഐഫോൺ 17 സീരീസിൽ ഐഫോൺ 17, ഐഫോൺ 17 എയർ മോഡലുകളിൽ എ19 ചിപ്‌സെറ്റും 17 പ്രോ, 17 പ്രോ മാക്‌സ് മോഡലുകളിൽ എ19 പ്രോ ചിപ്‌സെറ്റും ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മൾട്ടിടാസ്‌കിങ്, ഗെയിമിങ്, ഹെവി ഗ്രാഫിക്‌സ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനം എന്നിവ സ്‌മൂത്തായി കൊണ്ടുപോവാനും ഈ ചിപ്‌സെറ്റിനാവും. കൂടാതെ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്താനും കഴിയും.
ഡിസ്‌പ്ലേ:ഗാലക്‌സി എസ് 25 സ്ലിമിൽ 6.66 ഇഞ്ച് ഡിസ്പ്ലേ ഉണ്ടാകുമെന്നാണ് സൂചന. ഇത് ഗാലക്‌സി എസ് 24 പ്ലസ് മോഡലിന് സമാനമാണ്. അതേസമയം 120 ഹെട്‌സ് റിഫ്രഷ് റേറ്റോടുകൂടി മികച്ച കാഴ്‌ച അനുഭവം തരുന്ന 6.6 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേയിലായിരിക്കും ഐഫോൺ 17 എയർ എത്തുക.
ക്യാമറ:സാംസങ് ഗാലക്‌സി എസ് 25 സ്ലിം മോഡലിന്‍റെക്യാമറ സവിശേഷതകൾ പരിശോധിക്കുമ്പോൾ 200 എംപി HP5 പ്രൈമറി ക്യാമറയും 50 എംപി അൾട്രാവൈഡ് ലെൻസും 50 എംപി 3.5x ടെലിഫോട്ടോ സ്‌നാപ്പറും ഉണ്ടായിരിക്കാനാണ് സാധ്യത. അതേസമയം ഫോട്ടോഗ്രാഫിക്കായി ഐഫോണുകൾ വാങ്ങുന്നവർക്കായി കാര്യമായ അപ്‌ഗ്രേഡുകളോടെ ഐഫോൺ 17 എയർ എത്തുമെന്ന് പ്രതീക്ഷിക്കാം. 48 എംപി പ്രൈമറി സെൻസർ, 24 എംപി ഫ്രണ്ട് ക്യാമറ എന്നിവ ഫീച്ചർ ചെയ്യാം.
വില:നിലവിലെ മറ്റ് മോഡലുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഐഫോൺ 17 എയറിന് സാധ്യതയുള്ള വില ഏകദേശം 85,000 രൂപ മുതലായിരിക്കും. എന്നാൽ ഐഫോൺ 16 പ്രോ മോഡലിനേക്കാൾ വില കുറവായിരിക്കും. അതിനാൽ തന്നെ ഐഫോൺ 17 എയറിന് 85,000 രൂപയ്‌ക്കും 1,19,900 രൂപയ്‌ക്കും ഇടയിൽ വില പ്രതീക്ഷിക്കാം. ചോർന്ന വിവരങ്ങളനുസരിച്ച്, സാംസങ് ഗാലക്‌സി എസ് 25 സ്ലിം മോഡൽ 99,999 രൂപയ്‌ക്ക് പുറത്തിറക്കുമെന്നും സൂചനയുണ്ട്. ഇരു മോഡലുകളുടെയും ലോഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരാനിടയുണ്ട്. വണ്ണം കുറവെന്ന സവിശേഷതയുമായെത്തുന്ന ഫോണുകൾ വിപണിയിൽ എങ്ങനെ മത്സരിക്കുമെന്നത് കണ്ടറിയാം.
Also Read:
- വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം: സാംസങ് ഗാലക്‌സി എസ് 25 സീരീസിന്‍റെ വില ചോർന്നു
- സാംസങ് ഗാലക്‌സി എസ് 25 സീരീസ്: വിവരങ്ങൾ ചോർന്നു; ക്യാമറ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും
- അമ്പമ്പോ...ഐഫോണുകളിൽ തന്നെ ഏറ്റവും സ്ലിം മോഡൽ! എ19 ചിപ്‌സെറ്റുമായി ഐഫോൺ 17 വരുന്നു; ക്യാമറയിലും മാറ്റമോ ??
- തണുപ്പിൽ നിറം മാറുന്ന ഫോൺ, ഇരുട്ടിലും മികച്ച ഫോട്ടോ: അത്ഭുതങ്ങളുമായി റിയൽമി 14 പ്രോ സീരീസ്
- റെഡ്‌മി നോട്ട് 14 പ്രോയ്‌ക്ക് എതിരാളിയാകുമോ റിയൽമി 14 പ്രോ? മികച്ചത് ഏത്? താരതമ്യം ചെയ്യാം