ഹൈദരാബാദ്:സാംസങ്ഗാലക്‌സി എസ് 25 സീരീസ് പുറത്തിറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ സീരീസിലെ ഫോണുകളുടെ വിവരങ്ങൾ ഓരോന്നായി ചോരുകയാണ്. ഫോണുകളുടെ ഡിസൈനും, സ്പെസിഫിക്കേഷനുകളും, വില വിവരങ്ങളും, കളർ ഓപ്‌ഷനുകളും നിരവധി തവണ ചോർന്നിരുന്നു. ഇപ്പോൾ വീണ്ടും എസ് 25 സീരീസിന്‍റെ വിവിധ സ്റ്റോറേജ് ഓപ്‌ഷനുകളിലുള്ള വേരിയന്‍റുകളുടെ വില പുറത്തുവിട്ടിരിക്കുകയാണ്. എസ് 24 സീരീസിനേക്കാൾ കൂടുതൽ വിലയിലായിരിക്കും പുതിയ സീരീസെത്തുകയെന്നാണ് പുതിയ ടിപ്‌സ്റ്റർ ചോർത്തിയത്.
കാലിഫോർണിയയിലെ സാൻ ജോസിൽ ജനുവരി 22ന് നടക്കുന്ന സാംസങിന്‍റെ വാർഷിക പരിപാടിയിൽ എസ് 25 സീരീസ് അവതരിപ്പിക്കാനിരിക്കുകയാണ്. ഗാലക്‌സി എസ് 25, എസ് 25 പ്ലസ്, എസ് 25 അൾട്ര എന്നീ മോഡലുകളാണ് ഈ ലൈനപ്പിൽ വരാനിരിക്കുന്നത്. സ്‌പിൽ സം ബീൻസ് റിപ്പോർട്ടുകളനുസരിച്ച്, ഗാലക്‌സി എസ് 25 ബേസിക് മോഡലിന്‍റെ 256 ജിബി വേരിയന്‍റിന് 23,990,000 വിയറ്റ്‌നാമീസ് ഡോങും (ഏകദേശം 81,800 രൂപ), 512 ജിബി വേരിയന്‍റിന് 27,490,000 വിയറ്റ്‌നാമീസ് ഡോങും (ഏകദേശം 93,900 രൂപ) ആണ് വില.
അതേസമയം എസ് 25 പ്ലസ് മോഡലിന്‍റെ 256 ജിബി വേരിയന്‍റിന് 27,990,000 വിയറ്റ്‌നാമീസ് ഡോങും (ഏകദേശം 95,400 രൂപ), 512 ജിബി വേരിയന്‍റിന് 31,490,000 വിയറ്റ്‌നാമീസ് ഡോങും (ഏകദേശം 1,07,400 രൂപ) ആണ് വില. എസ് 25 അൾട്ര മോഡലുകൾ മൂന്ന് സ്റ്റോറേജ് വേരിയന്‍റുകളിലാണ് ലഭ്യമാവാൻ സാധ്യത. 256 ജിബി വേരിയന്‍റിന് 34,990,000 വിയറ്റ്‌നാമീസ് ഡോങും (ഏകദേശം 1,19,300 രൂപ), 512 ജിബി വേരിയന്‍റിന് 38,490,000 വിയറ്റ്‌നാമീസ് ഡോങും (ഏകദേശം 1,31,300 രൂപ), 1 ടിബി വേരിയന്‍റിന് 45,790,000 വിയറ്റ്‌നാമീസ് ഡോങും (ഏകദേശം 1,56,300 രൂപ) ആണ് വില.
എസ് 24 സീരീസ് വില:
വരാനിരിക്കുന്ന എസ് 25 സീരീസിലെ സ്‌മാർട്ട്‌ഫോണുകൾ പ്രതീക്ഷിച്ച പോലെ എസ് 24 ലൈനപ്പിനേക്കാൾ കൂടുതൽ വിലയിലായിരിക്കും പുറത്തിറക്കുകയെന്നാണ് സ്‌പിൽ സം ബീൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാലക്‌സി എസ് 24 ബേസിക് മോഡലിന്‍റെ 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്‍റ് 79,999 രൂപയ്‌ക്കും, 512 ജിബി വേരിയന്‍റ് 89,999 രൂപയ്‌ക്കും ആയിരുന്നു ഇന്ത്യയിൽ അവതരിപ്പിച്ചത്. അതേസമയം എസ് 24 പ്ലസ് മോഡലിന്‍റെ 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്‍റ് 99,999 രൂപയ്‌ക്കും, 512 ജിബി വേരിയന്‍റ് 1,09,999 രൂപയ്‌ക്കും ആണ് അവതരിപ്പിച്ചത്.
എസ് 24 അൾട്ര മോഡലിന്‍റെ 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്‍റ് 1,29,999 രൂപയ്‌ക്കും, 512 ജിബി വേരിയന്‍റ് 1,39,999 രൂപയ്‌ക്കും, 1 ടിബി വേരിയന്‍റ് 1,59,999 രൂപയ്‌ക്കുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്‌തത്. അതേസമയം സാംസങ് ഗാലക്‌സിയുടെ എസ് സീരീസിലെ ചില ഫോണുകളുടെ വില വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
ആമസോണിലും ഫ്ലിപ്‌കാർട്ടിലും വിലക്കിഴിവ്:
ആമസോണും ഫ്ലിപ്‌കാർട്ടും റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ഓഫർ വിൽപ്പനആരംഭിച്ചിട്ടുണ്ട്. പ്രീമിയം ഉപയോക്താക്കൾക്കായി സെയിൽ ഇന്നലെ ആരംഭിച്ചെങ്കിലും, മറ്റ് ഉപയോക്താക്കൾക്കായി ഇന്ന് മുതലാണ് ഓഫർ വിൽപ്പന ആരംഭിക്കുക. സ്‌മാട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകളുള്ള സെയിലിൽ സാംസങിന്‍റെ എസ് സീരീസിലെ ഫോണുകൾക്കും വലിയ വിലക്കിഴിവ് ലഭിക്കും. ആമസോണിൽ എസ് 24 സീരീസിന് പ്രാരംഭവില 50,999 രൂപയാണ്. അതേസമയം ഫ്ലിപ്‌കാർട്ടിൽ 56,974 രൂപയാണ് പ്രാരംഭവില.
Also Read:
- സാംസങ് ഗാലക്‌സി എസ് 25 സീരീസ്: വിവരങ്ങൾ ചോർന്നു; ക്യാമറ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും
- ആമസോണിലും ഫ്ലിപ്‌കാർട്ടിലും റിപ്പബ്ലിക് ഡേ സെയിൽ; ഫോണുകൾക്ക് വമ്പൻ ഡിസ്‌കൗണ്ടുകൾ
- 20,000 രൂപയ്‌ക്കുള്ളിൽ ലഭ്യമാവുന്ന അഞ്ച് മികച്ച ക്യാമറ ഫോണുകൾ
- കിടിലൻ ക്യാമറയും മികച്ച പ്രോസസറും: പിന്നെന്തു വേണം! ഓപ്പോ റെനോ 13 സീരീസ് അവതരിപ്പിച്ചു
- ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി ലൈഫ്: വൺപ്ലസ് 13 സീരീസ് അവതരിപ്പിച്ചു: വിൽപ്പന ജനുവരി 10 മുതൽ