ഹൈദരാബാദ്: ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് തങ്ങളുടെ എസ് 25 സീരീസിൽ മൂന്ന് ഫ്ലാഗ്‌ഷിപ്പ് സ്‌മാർട്ട്‌ഫോണുകൾ കഴിഞ്ഞ ജനുവരി 22നാണ് പുറത്തിറക്കിയത്. കാലിഫോർണിയയിലെ സാൻജോസിൽ നടന്ന 2025 ഗാലക്‌സി അൾപാക്ക്‌ഡ് ഇവന്‍റിലാണ് സാംസങ് ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25 പ്ലസ്, ഗാലക്‌സി എസ് 25 അൾട്ര എന്നീ മൂന്ന് മോഡലുകൾ പുറത്തിറക്കിയത്. ഇവന്‍റിൽ തങ്ങളുടെ എഡ്‌ജ് സീരീസിൽ 9 വർഷങ്ങൾക്ക് ശേഷം പുതിയ മോഡൽ പുറത്തിറക്കാനൊരുങ്ങുന്നതായി സാംസങ് സൂചന നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന ഫോണിന്‍റെ ടീസറും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
സാംസങ് ഗാലക്‌സി എസ് 25 എഡ്‌ജ് എന്ന പേരിലാണ് പുതിയ ഫോണിന്‍റെ ടീസർ ഗാലക്‌സി അൾപാക്ക്‌ഡ് ഇവന്‍റിൽ പുറത്തുവിട്ടിരിക്കുന്നത്. ഗാലക്‌സി എസ് 25 സീരീസിനൊപ്പം സാംസങിന്‍റെ ഏറ്റവും സ്ലിം മോഡലായ സാംസങ് ഗാലക്‌സി എസ് 25 സ്ലിം പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നെങ്കിലും ഇതു സംബന്ധിച്ച് കമ്പനി വിവരങ്ങളൊന്നും നൽകിയിട്ടില്ല. അതേസമയം പുറത്തിറക്കാനിരിക്കുന്ന എസ് 25 എഡ്‌ജിന് 6.4 മില്ലീ മീറ്റർ മാത്രമേ വണ്ണമുണ്ടായിരിക്കൂ എന്നും സൂചനകളുണ്ട്.
സ്ലിം ഡിസൈനാകുമെന്ന് സൂചന:
6.4 മില്ലീ മീറ്റർ മാത്രമാണ് എസ് 25 എഡ്‌ജിന്‍റെ വണ്ണമെങ്കിൽ സാംസങിന്‍റെ ഏറ്റവും വണ്ണം കുറഞ്ഞ ഫോണായിരിക്കും ഈ വർഷം വരാനിരിക്കുന്നത്. പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ആപ്പിളിന്‍റെ വരാനിരിക്കുന്ന ഐഫോൺ 17 എയറിന് എതിരാളിയായി എസ് 25 എഡ്‌ജ് സ്ലിം ഡിസൈനിൽ പുറത്തിറക്കാനും സാധ്യതയുണ്ട്. എസ് 25 സ്ലിം മോഡൽ 2025 ഗാലക്‌സി അൾപാക്ക്‌ഡ് ഇവന്‍റിൽ പുറത്തിറങ്ങിയില്ലെങ്കിൽ 2025ന്‍റെ രണ്ടാം പാദത്തിൽ പുറത്തിറക്കുമെന്നും സൂചനകളുണ്ടായിരുന്നു. ഈ വിവരങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ സാംസങിന്‍റെ വരാനിരിക്കുന്ന എസ് 25 എഡ്‌ജും എസ് 25 സ്ലിമ്മും ഒന്നു തന്നെയാകാനും സാധ്യതയുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.
സാംസങിന്‍റെ 9 വർഷം പഴക്കമുള്ള ഗാലക്‌സി എഡ്‌ജ് സീരീസ് ലൈനപ്പിന്‍റെ തിരിച്ചുവരവാണ് എസ് 25 എഡ്‌ജിന്‍റെ പുറത്തുവിട്ട ടീസർ സൂചിപ്പിക്കുന്നത്. ഈ വർഷം തന്നെ എസ് 25 എഡ്‌ജ് ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷത്തിന്‍റെ രണ്ടാം പാദത്തിൽ നടക്കുന്ന എംഡബ്ല്യൂസി 2025 ഇവന്‍റിലോ ജൂലൈയിൽ നടക്കുന്ന വാർഷിക പരിപാടിയിലോ പുറത്തിറക്കാനാണ് സാധ്യത.