ഹൈദരാബാദ്: സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ 4G ഫീച്ചർ ഫോണുകൾ അവതരിപ്പിച്ച് റിലയൻസ്. 1,099 രൂപ വിലയുള്ള ജിയോഭാരത് V3, V4 എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. ജിയോഭാരത് സീരീസിൽ കഴിഞ്ഞ വർഷം പുറത്തിറക്കിയ V2 ഫോണിന് മികച്ച സ്വീകാര്യത ലഭിച്ചതിനെ തുടർന്നാണ് ഇതേ സീരീസിൽ മറ്റ് രണ്ട് മോഡലുകൾ കൂടെ പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024ൽ ആണ് ജിയോ പുതിയ ഫോണുകൾ അവതരിപ്പിച്ചത്. ഫോൺ വാങ്ങുന്നവർക്ക് ഒരു മാസത്തത്ത അൺലിമിറ്റഡ് വോയ്‌സ് കോളുകളും അധിക 14 ജിബി ഡാറ്റയും അടങ്ങുന്ന 123 രൂപയുടെ റീചാർജ് പ്ലാൻ സൗജന്യമായി ലഭിക്കും. കൂടാതെ ജിയോ ഫോണുകൾക്ക് പ്രത്യേക പ്രീപെയ്‌ഡ് പ്ലാനുകളും ലഭ്യമാകും. ഈ ഫോണുകൾ മറ്റ് കമ്പനികളെ അപേക്ഷിച്ച് ഉപഭോക്താക്കൾക്ക് 40 ശതമാനം ലാഭം നൽകുമെന്നും റിലയൻസ് ജിയോ അവകാശപ്പെടുന്നു.
1,000 mAh ബാറ്ററിയുള്ള ഫോണിൻ്റെ സ്റ്റോറേജ് 128 ജിബി ആയിരിക്കും. 23 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നയ്‌ക്കുന്നതാണ് ജിയോഭാരത് V3, V4 ഫോണുകൾ. അതിനാൽ തന്നെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഭാഷയിൽ തന്നെ ഫോൺ ഉപയോഗിക്കാനാകും. സ്‌മാർട്ട്‌ഫോണുകളെ പോലെ ഡിജിറ്റൽ അനുഭവം നൽകുന്നതാണ് ജിയോഭാരത് V3, V4 ഫോണുകൾ.
രണ്ട് മോഡലുകളിലും ജിയോ ടിവി, ജിയോ സിനിമ, ജിയോ ചാറ്റ്, ജിയോ പേ എന്നീ എക്‌സ്‌ക്ലൂസീവ് ജിയോ സേവനങ്ങളും ലഭ്യമാകും. ജിയോ ടിവിയിൽ 455ലധികം തത്സമയ ടിവി ചാനലുകൾ ലഭ്യമാകും. ജിയോ ഫോൺ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട ഷോകൾ, വാർത്തകൾ, സ്പോർട്‌സ്, സിനിമകൾ, വീഡിയോകൾ, സ്‌പോർട്‌സ് തുടങ്ങിയവ ആസ്വദിക്കാനാകും. ഉപഭോക്താക്കളുടെ ഡിജിറ്റൽ പേയ്‌മെൻ്റുകൾ സുഗമമാക്കുന്നതിന് ജിയോ പേ സംവിധാനവും ഫോണിലുണ്ടാകും.