ഹൈദരാബാദ്: റിയൽമിയുടെ ഏറ്റവും പുതിയ 5ജി സ്‌മാർട്ട്‌ഫോണായ റിയൽമി 14x ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. കമ്പനിയുടെ 13 സീരീസ് ഫോണുകളൊന്നും ഇതുവരെ വിപണിയിൽ എത്തിയിട്ടില്ലെങ്കിലും 14x ഡിസംബർ 18ന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. റിയൽമിയുടെ തന്നെ 12X മോഡലിന്‍റെ പിൻഗാമിയായാണ് 14x വരുന്നത്. ലോഞ്ചിന് മുൻപ് തന്നെ ഫോണിന്‍റെ ചില ഫോട്ടോകൾ ചോർന്നിട്ടുണ്ട്. ഫോണിന്‍റെ ഡിസൈനും സ്‌പെസിഫിക്കേഷനുകളും കളർ ഓപ്‌ഷനുകളും കമ്പനി നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
ചോർന്ന വിവരങ്ങളനുസരിച്ച് പുതിയ ഫോൺ 6.67 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്പ്ലേയിലാണ് വരുന്നത്. 6,000mAh ബാറ്ററി കപ്പാസിറ്റിയോടെ വരുന്ന ഫോൺ മൂന്ന് സ്റ്റോറേജ് വേരിയന്‍റുകളിൽ ലഭ്യമാകും. 6 ജിബി മുതൽ 8 ജിബി വരെ റാമും 128ജിബി മുതൽ 256 ജിബി വരെ ഇന്‍റേണൽ സ്റ്റോറേജുമാണ് ഫോൺ വാഗ്‌ദാനം ചെയ്യുന്നത്. വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധിക്കുന്നതിനായി IP69 റേറ്റിങ് ആണ് റിയൽമി 14x മോഡലിന് ഉള്ളത്. അതേസമയം മുൻഗാമിയായിരുന്ന റിയൽമി 12x ന് IP54 റേറ്റിങ് മാത്രമാണ്.