ഹൈദരാബാദ്: പോക്കോ എക്‌സ് 7 സീരീസ് സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. പോക്കോ എക്‌സ് 7, പോക്കോ എക്‌സ് 7 പ്രോ എന്നീ സ്‌മാർട്ട്‌ഫോണുകളാണ് ഈ ലൈനപ്പിൽ പുറത്തിറക്കിയത്. മീഡിയാടെക് ഡൈമൻസിറ്റി 7300 അൾട്രാ ചിപ്‌സെറ്റിന്‍റെ കരുത്തിൽ വരുന്ന അടിസ്ഥാന മോഡലുകളും, മീഡിയാടെക് ഡൈമൻസിറ്റി 8400 അൾട്രാ SoC ചിപ്‌സെറ്റിന്‍റെ കരുത്തിൽ വരുന്ന പ്രോ മോഡലുമാണ് ഇന്നലെ (ജനുവരി 9) വിപണിയിൽ അവതരിപ്പിച്ചത്.
ബാറ്ററി:
പോക്കോ എക്‌സ് 7 പ്രോയ്‌ക്ക് 6,550 എംഎഎച്ച് ബാറ്ററിയും ബേസിക് മോഡലിന് 5,500 ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്. പ്രോ മോഡൽ 90 വാട്ട് വയേർഡ് ഹൈപ്പർ ചാർജിങ് പിന്തുണയ്‌ക്കുമ്പോൾ ബേസിക് മോഡൽ 45 വാട്ട് വയേർഡ് ചാർജിങ് പിന്തുണയ്‌ക്കും. പ്രോ മോഡൽ 47 മിനിറ്റിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ചാർജ് ചെയ്യാനാകും.
വില:
8GB + 128GB, 8GB + 256GB എന്നീ സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് പോക്കോ എക്‌സ് 7 ലഭ്യമാവുക. 8GB + 128GB വേരിയന്‍റിന് 21,999 രൂപയാണ് വില. 12GB + 256GB വേരിയന്‍റിന് 23,999 രൂപയാണ് വില. കോസ്‌മിക് സിൽവർ, ഗ്ലേസിയർ ഗ്രീൻ, പോക്കോ യെല്ലോ എന്നീ ഷേഡുകളിലാണ് ഫോൺ ലഭ്യമാവുക.
പോക്കോ എക്‌സ് 7 പ്രോ 8GB + 256 GB, 12GB + 256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകളിൽ ലഭ്യമാകും. 8GB + 256GB വേരിയന്‍റിന് 26,999 രൂപയും, 12GB + 256GB വേരിയന്‍റിന് 28,999 രൂപയുമാണ് വില. നെബുല ഗ്രീൻ, ഒബ്‌സിഡിയൻ ബ്ലാക്ക്, പോക്കോ യെല്ലോ എന്നീ നിറങ്ങളിലാണ് പോക്കോ എക്‌സ് 7 പ്രോ ലഭ്യമാവുക.
പ്രോ മോഡൽ ഫെബ്രുവരി 14 മുതലും ബേസിക് മോഡൽ ഫെബ്രുവരി 17 മുതലും ഫ്ലിപ്‌കാർട്ടിൽ വിൽപ്പനയ്‌ക്കെത്തും. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് 2,000 രൂപയുടെ ബാങ്ക് ഓഫർ ലഭിക്കും. കൂടാതെ പോക്കോ എക്‌സ് 7 പ്രോ വാങ്ങുന്നവർക്ക് വിൽപ്പനയുടെ ആദ്യ ദിവസം തന്നെ 1,000 രൂപയുടെ കൂപ്പൺ വഴി അധിക കിഴിവും ലഭിക്കും.
സവിശേഷതകൾ:
120 ഹെട്‌സ് റിഫ്രഷ് റേറ്റ്, 240 ഹെട്‌സ് ടച്ച് സാംപ്ലിങ് റേറ്റ്, 3,000 nits പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌ടസ് 2 സംരക്ഷണം എന്നിങ്ങനെ നിരവധി ഫീച്ചറുകളടങ്ങുന്നതാണ് പോക്കോ എക്‌സ് 7 പ്രോ ഫോണിലെ ഡിസ്‌പ്ലേ. 6.67 ഇഞ്ച് 1.5K കർവ്ഡ് AMOLED ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. അതേസമയം, പ്രോ വേരിയന്‍റിൽ 3,200nits പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയുള്ള 6.73 ഇഞ്ച് 1.5K ഫ്ലാറ്റ് AMOLED ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. റിഫ്രഷ് റേറ്റും ടച്ച് സാംപ്ലിങ് റേറ്റും ഇരുമോഡലുകളിലും സമാനമാണ്.