ഹൈദരാബാദ്:ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസിൻ്റെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണുകളായ വൺപ്ലസ് 13, വൺപ്ലസ് 13 ആർ എന്നിവ പുറത്തിറക്കി. ഇന്നലെ (ചൊവ്വ) രാത്രി 9 മണിക്ക് നടന്ന ലോഞ്ചിങ് ഇവന്‍റിലാണ് വൺപ്ലസ് തങ്ങളുടെ ഫ്ലാഗ്‌ഷിപ്പ് മോഡലായ വൺപ്ലസ് 13 അവതരിപ്പിച്ചത്. ചൈനീസ് വിപണിയിൽ ഈ സ്‌മാർട്ട്‌ഫോൺ സീരീസ് നേരത്തെ എത്തിയിരുന്നെങ്കിലും, ഇന്ത്യ ഉൾപ്പെടെ ആഗോളതലത്തിൽ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ.
69,999 രൂപയാണ് വൺപ്ലസ് 13 മോഡലിന്‍റെ പ്രാരംഭവില. അതേസമയം 49,999 രൂപയാണ് വൺപ്ലസ് 13 ആറിന്‍റെ പ്രാരംഭവില. മുൻമോഡലുകളിൽ നിന്നും പുതിയ ഫ്ലാഗ്ഷിപ്പ് സീരീസിന്‍റെ ഡിസൈനുകളിൽ വൺപ്ലസ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വൺപ്ലസ് 12 കർവ്‌ഡ് ഡിസ്‌പ്ലേയുമായാണ് അവതരിപ്പിച്ചതെങ്കിലും വൺപ്ലസ് 13 സീരീസ് പരന്ന വശങ്ങളുള്ള ഡിസ്‌പ്ലേയുമായാണ് അവതരിപ്പിച്ചത്. അതേസമയം ക്യാമറ മൊഡ്യൂളിന്‍റെ ഡിസൈൻ വൺപ്ലസ് 12ന് സമാനമായാണ് നൽകിയിരിക്കുന്നത്. വൺപ്ലസ് 13, 13 ആർ മോഡലുകൾക്ക് 6000mAh ബാറ്ററിയും നൽകിയിട്ടുണ്ട്. പുതിയ സീരീസിലെ രണ്ട് ഫോണുകളുടെയും കൂടുതൽ ഫീച്ചറുകൾ പരിശോധിക്കാം.
വൺപ്ലസ് 13 ഫീച്ചറുകൾ:
120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് ക്യൂഎച്ച്‌ഡി പ്ലസ് റെസല്യൂഷൻ സ്‌ക്രീനുമായി വരുന്ന ഫോണിന് 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് ലഭിക്കും. ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുമായി വരുന്ന ഫോൺ മികച്ച പെർഫോമൻസ് കാഴ്‌ചവെക്കുമെന്നതിൽ സംശയമില്ല. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുക. ഗൂഗിളിന്‍റെ എഐ ചാറ്റ് ബോട്ടായ ജെമിനിയും ഫോണിൽ ലഭിക്കും.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് 13 മോഡലിലുള്ളത്. 50MP പ്രൈമറി സെൻസർ, 50MP ടെലിഫോട്ടോ ലെൻസ്, 50MP അൾട്രാവൈഡ് ആംഗിൾ ലെൻസ്, 32MP ഫ്രണ്ട് ക്യാമറ എന്നിവയടങ്ങുന്നതാണ് ക്യാമറ സജ്ജീകരണം. 4K വീഡിയോ ഫീച്ചറുകൾക്ക് പുറമെ രാത്രിയിലെടുക്കുന്ന ചിത്രങ്ങൾ മികച്ചതാക്കാൻ അഡ്വാൻസ്‌ഡ് നൈറ്റ് മോഡ് സവിശേഷതയുമുണ്ട്. 6,000mAh ന്‍റെ ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 100W ഫാസ്റ്റ് ചാർജിങും 50W വയർലെസ് ചാർജിങും പിന്തുണയ്‌ക്കും. ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കും.
വൺപ്ലസ് 13 ആർ ഫീച്ചറുകൾ:
120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5K LTPO സ്‌ക്രീനുമായി വരുന്ന ഫോണിന് 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് ലഭിക്കും. സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റുമായാണ് ഫോൺ ജോടിയാക്കിയിരിക്കുന്നത്. പ്രോസസറിലെ മാറ്റം വൺപ്ലസ് 12 ആറിൽ നിന്നും 13 ആർ മോഡലിന് ലഭിച്ച വലിയ അപ്‌ഗ്രേഡാണെന്ന് പറയാം. 6,000mAh ന്‍റെ ബാറ്ററിയാണ് ഫോണിലുള്ളത്. വൺപ്ലസ് 13 ആർ മോഡൽ 100W ഫാസ്റ്റ് ചാർജിങിനെ പിന്തുണയ്ക്കും. 50MP പ്രൈമറി ക്യാമറയും 2X ഒപ്റ്റിക്കൽ സൂമോടുകൂടിയ 50MP ടെലിഫോട്ടോ ക്യാമറയും 8MP അൾട്രാവൈഡ് ആംഗിൾ ക്യാമറയും 16MP സെൽഫി ക്യാമറയും ഉൾപ്പെടുന്നതാണ് ക്യാമറ സജ്ജീകരണം. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ നിരവധി എഐ സവിശേഷതകൾ ലഭ്യമാകും. എഐ നോട്ട്‌സ്, എഐ ക്ലീനപ്പ്, എഐ ഇമേജിങ്, ഇന്റലിജന്‍റ് സെർച്ച്, സ്‌നാപ്പ്ഷോട്ട് ക്യാമറ ഫീച്ചർ തുടങ്ങിയ നിരവധി എഐ സവിശേഷതകൾ ഫോണിലുണ്ട്.
ഇരുമോഡലുകളുടെയും വില:
12GB റാം+256GB സ്റ്റോറേജ്, 16GB + 512GB, 24GB RAM+1TB എന്നീ സ്റ്റോറേജ് ഓപ്‌ഷനുകളിൽ വൺപ്ലസ് 13 ലഭ്യമാകും. 12GB+256GB വേരിയന്‍റിന് 69,999 രൂപയും, 16GB+512GB വേരിയന്‍റിന് 76,999 രൂപയും, 24GB RAM + 1TB വേരിയന്‍റിന് 89,999 രൂപയുമാണ് വില. മിഡ്‌നൈറ്റ് ഓഷ്യൻ, ബ്ലാക്ക് എക്ലിപ്‌സ്, ആർട്ടിക് ഡൗൺ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. ജനുവരി 10 മുതൽ ഫോൺ വിൽപ്പനയ്‌ക്കെത്തും. ആമസോൺ വഴിയും വൺപ്ലസിന്‍റെ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും ഫോൺ വിൽപ്പനയ്ക്കെത്തും. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് പണമടച്ചാൽ അടിസ്ഥാന മോഡലിന് 5,000 രൂപ കിഴിവും ലഭിക്കും. അതായത് നിങ്ങൾക്ക് ഈ ഫോൺ വെറും 64,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും.
അതേസമയം, വൺപ്ലസ് 13 ആർ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. 12GB+256GB, 16GB+512GB എന്നീ സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് വൺപ്ലസ് 13 ആർ ലഭ്യമാകുക. 12GB+256GB വേരിയന്‍റിന് 42,999 രൂപയും 16GB+512GB വേരിയന്‍റിന് 49,999 രൂപയുമാണ് വില. വൺപ്ലസ് ഉപയോക്താക്കൾക്ക് ഈ ഫോൺ വാങ്ങുമ്പോൾ 3,000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ടും 4,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. ആസ്ട്രൽ ട്രെയിൽ, നെബുല നോയർ എന്നീ രണ്ട് നിറങ്ങളിലാണ് വൺപ്ലസ് 13 ആർ ലഭ്യമാകുക.
5.5 ജി കണക്‌റ്റിവിറ്റി:
5.5 ജി നെറ്റ്‌വർക്കുമായെത്തുന്ന ആദ്യത്തെ ഫോണാണ് വൺപ്ലസ് 13. നിലവിൽ ലഭിക്കുന്ന 5ജി കണക്‌റ്റിവിറ്റിയുടെ അപ്‌ഗ്രേഡഡ് വേർഷനാണ് 5.5 ജി അഥവാ 5ജി അഡ്വാൻസ്‌ഡ് നെറ്റ്‌വർക്ക്. ഇതുവഴി വൺപ്ലസ് ഉപയോക്താക്കൾക്ക് നെറ്റ്‌വർക്ക് പ്രകടനം മെച്ചപ്പെടുത്താൻ സാധിക്കും. ജിയോ നെറ്റ്‌വർക്കുമായി സഹകരിച്ചാണ് വൺപ്ലസ് 5.5 ജി കണക്‌റ്റിവിറ്റി നടപ്പാക്കിയത്.
Also Read:
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് വരുന്നു: ലോഞ്ച് ജനുവരി 22ന്; പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും പ്രീ-ബുക്കിങ് ആനുകൂല്യങ്ങളും
- കിടിലൻ പെർഫോമൻസ്: സാംസങ് ഗാലക്‌സി എസ് 25 സീരീസിൽ പുതിയ പ്രോസസർ; ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ
- 3 വർഷം വാറന്‍റി, 7 വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്: ഗാലക്‌സി എസ് 24, എസ് 24 അൾട്രാ എൻ്റർപ്രൈസ് എഡിഷൻ ഇന്ത്യയിൽ
- ഇന്ത്യക്കാർക്ക് പ്രിയം വിലകൂടിയ സ്‌മാർട്ട്ഫോണുകളോട്: മുൻഗണന ആപ്പിളിനും സാംസങിനും
- സിരി ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചോ? ഒത്തുതീർപ്പിനായി 814 കോടി നൽകാൻ ആപ്പിൾ തയ്യാറായതിന് പിന്നിൽ? വിശദാംശങ്ങൾ