ഹൈദരാബാദ്: പ്രമുഖ ഇലക്‌ട്രിക് സ്‌കൂട്ടർ നിർമാതാക്കളായ ഒല റോഡ്സ്റ്റർ എക്‌സ് സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. സ്റ്റാൻഡേർഡ് മോഡലും പ്ലസ് മോഡലും ഉൾപ്പെടെ രണ്ട് വേരിയന്‍റുകളാണ് ഈ സീരീസിൽ പുറത്തിറക്കിയത്. റോഡ്സ്റ്റർ എക്‌സ്, റോഡ്സ്റ്റർ എക്‌സ് പ്ലസ് എന്നിവയാണ് പുതുതായി പുറത്തിറക്കിയ രണ്ട് വകഭേദങ്ങൾ. റോഡ്സ്റ്റർ എക്‌സിന്‍റെ പ്രാരംഭവില (എക്‌സ്-ഷോറൂം) 74,999 രൂപയും റോഡ്സ്റ്റർ എക്‌സ് പ്ലസിന്‍റെ പ്രാരംഭവില 1.04 ലക്ഷം രൂപയുമാണ്.
റോഡ്‌സ്റ്റർ എക്‌സിന്‍റെ മൂന്ന് ബാറ്ററി പായ്‌ക്കുകൾക്കും 252 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയും. അതേസമയം റോഡ്‌സ്റ്റർ എക്‌സ് പ്ലസിന്‍റെ രണ്ട് ബാറ്ററി പായ്‌ക്കുകൾക്കും 501 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയും. രണ്ട് വേരിയന്‍റുകളും അഞ്ച് കളർ ഓപ്‌ഷനുകളിൽ ലഭ്യമാവും. പുതുതായി ലോഞ്ച് ചെയ്‌ത ഇലക്‌ട്രിക് ബൈക്കുകളെ കുറിച്ച് വിശദമായറിയാം.
വില:2.5 കിലോവാട്ട്, 3.5 കിലോവാട്ട്, 4.5 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്‌ഷനുകളിലാണ് ഒല റോഡ്സ്റ്റർ എക്‌സ് ലഭ്യമാവുക. റോഡ്സ്റ്റർ എക്‌സിന്‍റെ 2.5 കിലോവാട്ട് ബാറ്ററി ശേഷിയുള്ള വേരിയന്‍റിന് 74,999 രൂപ ആണ് വില. അതേസമയം 3.5 കിലോവാട്ട് ബാറ്ററി ശേഷിയുള്ള വേരിയന്‍റിന് 84,999 രൂപയും 4.5 കിലോവാട്ട് ബാറ്ററി ശേഷിയുള്ള വേരിയന്‍റിന് 99,999 രൂപയും ആണ് വില.
4.5 കിലോവാട്ട്, 9.1 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്‌ഷനുകളിലാണ് റോഡ്‌സ്റ്റർ എക്‌സ് പ്ലസ് പുറത്തിറക്കിയിരിക്കുന്നത്. 4.5 കിലോവാട്ട് ബാറ്ററി പായ്‌ക്കിന് 1,04,999 രൂപയും 9.1 കിലോവാട്ട് ബാറ്ററി പായ്‌ക്കിന് 1,54,999 രൂപയുമാണ് എക്‌സ്-ഷോറൂം വില. മാർച്ച് പകുതിയോടെ രണ്ട് മോട്ടോർസൈക്കിളുകളുടെയും ഡെലിവറികൾ ആരംഭിക്കും. ഇരു മോഡലുകളുടെയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സെറാമിക് വൈറ്റ്, പൈൻ ഗ്രീൻ, ഇൻഡസ്ട്രിയൽ സിൽവർ, സ്റ്റെല്ലാർ ബ്ലൂ, ആന്ത്രാസൈറ്റ് എന്നിങ്ങനെ അഞ്ച് കളർ ഓപ്‌ഷനുകളിലായിരിക്കും രണ്ട് മോഡലുകളും ലഭ്യമാവുക.
ഓല റോഡ്‌സ്റ്റർ എക്‌സ് സീരീസിൽ പുതിയതെന്താണ്?
അടുത്തിടെ പുറത്തിറക്കിയ ഓല ജെൻ 3 പ്ലാറ്റ്‌ഫോമിലാണ് റോഡ്‌സ്റ്റർ എക്‌സ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. ഈ ഇലക്‌ട്രിക് ബൈക്കിൽ എംസിയു, ബ്രേക്ക് ബൈ വയർ, ഐപി 67 റേറ്റിങുള്ള ബാറ്ററി എന്നിവയുമായി സംയോജിപ്പിച്ച മിഡ്-ഡ്രൈവ് മോട്ടോർ ഉണ്ട്. കൂടാതെ, ക്ലട്ടർ-ഫ്രീ ആക്കുന്നതിനായി ഫ്ലാറ്റ് കേബിളുമായാണ് റോഡ്‌സ്റ്റർ എക്‌സ് സീരീസ് ബൈക്കുകൾ വരുന്നത്.